‘പപ്പ മമ്മിയെ തല്ലി, പിന്നേ കെട്ടിത്തൂക്കി’; ആത്മഹത്യയെന്ന് കരുതിയ കേസില്‍ വഴിത്തിരിവായി 4 വയസുകാരി വരച്ച ചിത്രം
ഉത്തർപ്രദേശ്: ഝാന്‍സിയിൽ 27 കാരിയുടേത് ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസില്‍ വഴിത്തിരിവായി 4 വയസുകാരി മകൾ നോട്ട് ബുക്കിൽ വരച്ച ചിത്രം. പഞ്ചവടി ശിവ പരിവാര്‍ കോളനിയിലെ സൊണാലി ഭുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് മകള്‍ വരച്ച ചിത്രത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയത്.
യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ സൊണാലിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു എന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുന്നതിനിടെയാണ് കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് സൊണാലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. സൊണാലിയുടെ മരണ ശേഷം മകള്‍ മാതാവിന്‍റെ വീട്ടുകാര്‍ക്കൊപ്പമായിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം ശ്രദ്ധയില്‍പ്പെടുന്നത്. കഴുത്തില്‍ കയറിട്ട നിലയിലുള്ള ഒരു രൂപമാണ് കുട്ടി വരച്ചത്. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് പപ്പ അമ്മയെ കൊന്നതാണെന്നും കൊല്ലുമെന്ന് പറഞ്ഞതായും കുട്ടി പറയുന്നത്. പപ്പ മമ്മിയെ തല്ലി. തലയില്‍ കല്ലുകൊണ്ട് അടിച്ച് കെട്ടിത്തൂക്കി. പപ്പ മമ്മിയെ എപ്പോഴും ഉപദ്രവിക്കാറുണ്ട്. തന്നെയും പിതാവ് തല്ലിയെന്നും ഇനി മിണ്ടിയാല്‍ അമ്മയെപ്പോലെ തന്നെയും ഉപദ്രവിക്കുമെന്ന് പറഞ്ഞതായും കുട്ടി പറഞ്ഞു. യുവതിയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർത്തതാകാമെന്ന സംശയത്തിലാണിപ്പോൾ പൊലീസ്.
മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന സന്ദീപ് ബുധോലിയയുമായി 2019 ലാണ് സൊണാലി വിവാഹിതയാകുന്നത്. 20 ലക്ഷം രൂപ സ്ത്രീധമായി നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷവും ഭർത്താവ് മകളെ കൂടുതല്‍ സ്ത്രീധനവും കാറും വാങ്ങാന്‍ പണവും ആവശ്യപ്പെട്ട് മകളെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു എന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്‍റെ പേരിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെ മകളുടെ ആരോഗ്യം മോശമാണെന്ന് പറഞ്ഞാണ് ആദ്യം ഫോൺ കോൾ വന്നത്. പിന്നീട് അവൾ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞ് വീണ്ടും കോൾ വരുകയായിരുന്നു എന്ന് സൊണാലിയുടെ വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. നിലവിൽ സൊണാലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. റിപ്പോട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോട്വാലി സിറ്റി പൊലീസ് അറിയിച്ചു.