X
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഡബിള്‍ ഡെക്കർ ബസ് സർവിസ് തുടങ്ങി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവിസിന്‍റെ ഉദ്ഘാടനം മൂന്നാർ ഡിപ്പോയില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിർവഹിച്ചു.
തിരുവനന്തപുരത്ത് നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച ഡബ്ള്‍ ഡെക്കർ സർവിസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികള്‍ക്കായി സർവിസ് തുടങ്ങിയത്. രാവിലെ 8.30മുതല്‍ വൈകീട്ട് ആറുവരെയാണ് സർവിസ് നടത്തുന്നത്. യാത്രക്കാർക്ക് കാഴ്ചകള്‍ ആസ്വദിക്കാൻ കഴിയുന്ന തരത്തില്‍ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്.
ഡിപ്പോയില്‍നിന്ന് തുടങ്ങുന്ന സർവിസ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങല്‍ എന്നിവിടങ്ങള്‍ സന്ദർശിച്ച് തിരികെ ഡിപ്പോയിലെത്തും. ദിവസേന നാല് സർവിസുകളാണുണ്ടാവുക.
ബസിന്‍റെ മുകള്‍ ഭാഗത്തും ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ഗ്ലാസ് പാനലുകള്‍ വഴി ടൂറിസ്റ്റുകള്‍ക്ക് കാഴ്ച ആസ്വദിക്കാം. മുകള്‍ നിലയില്‍ 38 പേർക്കും താഴത്തെ നിലയില്‍ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികള്‍ക്ക് ഒരു സമയം യാത്ര ചെയ്യാം. ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാൻ മ്യൂസിക്ക് സിസ്റ്റമടക്കം ബസിലുണ്ട്. യാത്രാവേളയില്‍ ശുദ്ധജലം, ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവ ലഭ്യമാകുന്നതിനും അത്യാവശ്യഘട്ടങ്ങളില്‍ മൊബൈല്‍ ചാർജിങ് നടത്താനുമാകും.