മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികൾ കോഴിക്കോട് ഹൈലൈറ്റ് മാളിൽ; കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ
കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയ്. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകിട്ടാണ് സഹോദരങ്ങളുടെ മക്കളെ കാണാതായത്. 10 ഉം, 5 ഉം ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ന് കണ്ടെത്തിയത്.
കോഴിക്കോട് പൊറ്റമ്മലിൽ ബസ് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈലൈറ്റ് മാളിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് കുട്ടികൾ വീട്ടിൽനിന്ന് ഇറങ്ങിയത്. സമീപത്തുള്ള സ്ഥലത്ത് കളിക്കുകയാണെന്നാണ് രക്ഷിതാക്കൾ കരുതിയത്. എന്നാൽ, ഏറെ വൈകിയിട്ടും വരാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. എടവണ്ണ പൊലീസിൽ പരാതി നൽകുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു.
കോഴിക്കോട് ഭാഗത്തേക്ക് ബസ് കയറിയതായി സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊറ്റമ്മലിൽ ഇറങ്ങിയതും മാളിൽ പോയതും കണ്ടെത്തിയത്. ഇന്നലെ രാത്രി മാളിലും പരിസരത്തുമായി കഴിഞ്ഞ് കൂടിയ കുട്ടികളെ ഇന്ന് 12 മണിയോടെയാണ് കണ്ടെത്തിയത്. മുമ്പ് കുടുംബത്തോടൊപ്പം കുട്ടികൾ മാളിൽ വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.









