പാതയോരത്ത് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്

6 മാസത്തിനകം സര്‍ക്കാര്‍ നയത്തിന്, രൂപം നല്‍കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍

 

കൊച്ചി: പാതയോരത്ത് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. നിലവില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്, 6 മാസത്തിനകം രൂപം നല്‍കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

 

കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികളിലെ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.

 

പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ തുടങ്ങിയവരുടെ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമേ, അപകടങ്ങള്‍ക്കും ഈ കൊടിമരങ്ങള്‍ വഴിവയ്ക്കുന്നുണ്ട്. ഇതിനു തടയിടാനാണ് ഹൈക്കോടതി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *