കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്ത്.
ഷഹബാസിനെ കൊല്ലുമെന്നും കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയമൊന്നും ഇല്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
ഇൻസ്റ്റഗ്രാമിന് പുറമേ വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയും സംഘർഷത്തിന് ആസൂത്രണം ചെയ്തുവെന്നും വിവരമുണ്ട്. ഗൂഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കൊല്ലപ്പെട്ട ഷഹബാസിൻറെ കുടുംബം ആവശ്യപ്പെട്ടു. അക്രമിച്ചവരിൽ മുതിർന്നവർ ഉണ്ടെന്നും ഇവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും കുടുംബം പറയുന്നു.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.