അധ്യയനം ഉറപ്പാക്കാൻ സ്കൂള്‍സമയം കൂട്ടാനോ ശനിയാഴ്ച പ്രവൃത്തിദിനമാക്കാനോ വഴിതേടി സർക്കാർ. അധ്യയനവർഷം 220 പ്രവൃത്തിദിനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇതുസംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നതാണ് വെല്ലുവിളി.
ഈ അധ്യയനവർഷം തുടക്കത്തില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കി 220 അധ്യയനദിനം ഉറപ്പാക്കാൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. സ്കൂള്‍ മാനേജർ നല്‍കിയ കേസില്‍ ഹൈക്കോടതിവിധി ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം. എന്നാല്‍, അധ്യാപകസംഘടനകള്‍ ഒറ്റക്കെട്ടായി എതിർത്തതോടെ ഇതില്‍നിന്ന് സർക്കാർ പിന്മാറി.
പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം വിദഗ്ധസമിതിയെ നിയോഗിച്ചു. അധ്യാപകസംഘടനകളുമായി വിദഗ്ധസമിതിയുടെ ചർച്ച തിങ്കളാഴ്ച നടക്കും. മറ്റു കൂടിയാലോചനകള്‍ക്കുശേഷം ഉടൻ റിപ്പോർട്ട് തയ്യാറാക്കുമെന്ന് സർക്കാർവൃത്തങ്ങള്‍ പറഞ്ഞു.
•നിയമങ്ങളിലെ നിർദേശം.
കേരള വിദ്യാഭ്യാസ ചട്ട(കെഇആർ)ത്തില്‍ പറയുന്നത് 220 പഠനദിനം. വിദ്യാഭ്യാസാവകാശ നിയമത്തിലാവട്ടെ, ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകള്‍ക്ക് 200, ആറുമുതല്‍ എട്ടുവരെ 220 എന്നിങ്ങനെ. ഒന്നുമുതല്‍ 10 വരെ 200 പ്രവൃത്തിദിനങ്ങളില്‍ കൂടാറില്ല.
ഹയർസെക്കൻഡറിയില്‍ 1200 ബോധന മണിക്കൂർ അഥവാ 220 പ്രവൃത്തിദിനം. ഇതിനായി രാവിലെ ഒൻപതിന് തുടങ്ങി വൈകീട്ട് നാലേമുക്കാല്‍വരെ ക്ലാസ് സമയം ക്രമീകരിച്ചു.
•പരിഗണനയിലുള്ള മാർഗങ്ങള്‍..
ഓരോ വർഷവും മേളകള്‍ക്കായി ശരാശരി 30 പ്രവൃത്തിദിനം നഷ്ടപ്പെടുന്നു. മേളകളുടെ സംഘാടനം ശനിയാഴ്ചകൂടി ക്രമീകരിച്ചാല്‍ ഇത് കുറയ്ക്കാം. എല്‍.പി. സ്കൂളുകളെ ഒഴിവാക്കി മറ്റു സ്കൂളുകള്‍ക്ക് ക്ലാസ് സമയമോ പ്രവൃത്തിദിനങ്ങളോ കൂട്ടാം. ക്ലാസ് സമയം രാവിലെ അരമണിക്കൂറും വൈകീട്ട് കാല്‍മണിക്കൂറും കൂട്ടി അധ്യയനസമയം ഉറപ്പാക്കാം. ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാം.