എട്ടാം ക്ലാസിൽ വിജയിക്കാൻ മിനിമം മാർക്ക്: മൂല്യനിർണയരീതി പരിഷ്ക്കരിച്ച് ഉത്തരവായി

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

തിരുവനന്തപുരം:

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിൽ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും. ഇതിനായി ഈ (2024- 2025) അക്കാദമിക വർഷം മുതൽ എട്ടാം ക്ലാസിൽ വിജയിക്കാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് (30%) നേടണം.

 

2025-26 അക്കാദമിക വർഷം മുതൽ എട്ട്, ഒൻപത് ക്ലാസുകളിലും 2026-27 അക്കാദമിക വർഷം മുതൽ 8, 9, 10 ക്ലാസുകളിലും പൊതുപരീക്ഷയിൽ ഓരോ വിഷയത്തിലും മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും.

 

ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി മൂല്യനിർണ്ണയ രീതികളും കാര്യക്ഷമമായി പരിഷ്കരിച്ച് ഉത്തരവായി. ഇതിനായി വിവിധ തലത്തിലുള്ള മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ അവലംബിക്കും.

വിലയിരുത്തൽ മാർഗരേഖയിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വികാസപ്രദ/നിരന്തര വിലയിരുത്തലും ആത്യന്തിക വിലയിരുത്തലും നടത്തുന്നതിനുള്ള മാനദണ്ഡങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. വികാസപ്രദ വിലയിരുത്തലിൽ ഓരോ വിഷയത്തിനും ക്ലാസ് ടെസ്റ്റുകൾ, വിദ്യാലയ പ്രവർത്തനങ്ങളിലെ മികവ് വിലയിരുത്തൽ, പഠനപ്രക്രിയ വിലയിരുത്തൽ, ഉൽപ്പന്ന വിലയിരുത്തൽ എന്നീ മാനദണ്ഡങ്ങളാണ് സ്വീകരിക്കേണ്ടത്.

 

വികാസപ്രദ വിലയിരുത്തലിന്റെ പരമാവധി സ്കോർ ഓരോ വിഷയത്തിൻ്റെയും ആകെ സ്കോറിൻ്റെ 20% ആയിരിക്കുകയും വേണം. എന്നാൽ ആത്യന്തിക വിലയിരുത്തൽ നടത്തുമ്പോൾ പാദവാർഷിക പരീക്ഷ, അർദ്ധ വാർഷിക പരീക്ഷ, വാർഷിക പരീക്ഷ എന്നിവയാണ് പരിഗണിക്കേണ്ടത്.

വിലയിരുത്തൽ മാർഗരേഖയിലെ നിർദ്ദേശങ്ങൾ പ്രകാരം വികാസപ്രദ വിലയിരുത്തലും ആത്യന്തിക വിലയിരുത്തലും എല്ലാ സ്കൂളുകളിലും ശരിയായ രീതിയിൽ . നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ബന്ധപ്പെട്ട AEO/DEO/DD മാരെ ചുമതലപ്പെട്ടുത്തുന്നതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിക്കൊണ്ടും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.

 

എട്ടാം ക്ലാസിലെ വർഷാന്ത്യ പരീക്ഷയിൽ എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിനും മിനിമം 30% സ്കോർ ലഭിക്കാത്ത കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകിയതിന് ശേഷം വീണ്ടും പരീക്ഷ നടത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. കൂടാതെ ആത്യന്തിക വിലയിരുത്തലിന്റെ ചോദ്യപേപ്പർ തയ്യാറാക്കേണ്ടതിന്റെ മാതൃകയും അക്കാദമിക മോണിറ്ററിങ് ഏതൊക്കെ തലങ്ങളിൽ നടത്തണമെന്നും പരാമർശിച്ചിട്ടുണ്ട്. വിവിധ തലങ്ങളിൽ അക്കാദമിക മോണിറ്ററിങ് നടത്തുന്നത് സംബന്ധിച്ച വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ പിന്നീട് നൽകും.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *