തെളിവുണ്ടെങ്കിലും തൊണ്ടിമുതൽ കിട്ടിയില്ല; കൈയോടെ പിടികൂടിയെങ്കിലും ആകെ വലഞ്ഞു പോലീസ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നിസ്കരിക്കാനെന്ന വ്യാജേന എത്തിയ യുവതി പള്ളിയിലുണ്ടായിരുന്ന കൈക്കുഞ്ഞിൻ്റെ അരഞ്ഞാണം കവർന്ന് വിഴുങ്ങി. കവർച്ച കൈയോടെ പിടികൂടിയെങ്കിലും പോലീസ് ആകെ വലഞ്ഞു. തൊണ്ടിമുതൽ പുറത്തെടുക്കാൻ രാത്രിവരെയും കഴിഞ്ഞില്ല.
പ്രശസ്ത കൊറിയൻ ചലച്ചിത്രകാരനായ കിം കി ദൂക്കിന്റെ ‘ദ നെറ്റ് ‘ എന്ന സിനിമയിലും സൂപ്പർഹിറ്റ് ആയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന മലയാളം സിനിമയിലും തൊണ്ടിമുതൽ വിഴുങ്ങിയ പ്രതിയുടെ വയറ്റിൽനിന്ന് അത് പുറത്തെടുക്കാനുള്ള പോലീസിന്റെ കഷ്‌ടപ്പാടുകൾ മുഖ്യപ്രമേയമാണ്. അതേ അവസ്ഥയിലാണ് ഇപ്പോൾ തിരൂർ പോലീസ്.
നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗ(48) ത്തെയാണ് തിരൂർ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് തിരൂർ പാൻബസാറിലെ പള്ളിയിൽവെച്ച് കൈക്കുഞ്ഞിന്റെ അരഞ്ഞാണം കവർന്നത്. ഉടൻ പോലീസിനെ അറിയിച്ചു.
പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ആഭരണം താൻ എടുത്തിട്ടില്ലെന്നും വേണമെങ്കിൽ ദേഹപരിശോധന നടത്തിക്കോളൂവെന്നുമായി സ്ത്രീ. സ്വർണം വിഴുങ്ങിയതായി സംശയംതോന്നി പോലീസ് ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി എക്‌സ്-റേ എടുത്തു പരിശോധിച്ചു.ആഭരണം വയറ്റിലുണ്ടെന്ന് എക്സ് റേയിൽ സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വയറ്റിലുള്ള തൊണ്ടിമുതൽ പുറത്തെടുക്കാനായി മജിസ്ട്രേറ്റ് മൂന്നുദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.
സ്ത്രീയെക്കൊണ്ട് വിസർജനം നടത്തിച്ച് വിഴുങ്ങിയ ആഭരണം കണ്ടെടുക്കാമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. പക്ഷേ, കിട്ടാതെയായതോടെ ഇവരെ എ.എസ്.ഐ. യുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും സ്വർണ അരഞ്ഞാണം പുറത്തുവന്നില്ല.
നിരാശരായി പ്രതിയെ പോലീസ് തിരൂർ സ്റ്റേഷനിൽ തിരിച്ചെത്തിച്ചു. ആഭരണം എങ്ങനെയും പുറത്തേക്കു വരുത്തി കണ്ടെടുക്കാനുള്ള പെടാപ്പാടിലാണ് പോലീസ്. ഇന്ന് കസ്റ്റഡി കാലാവധി കഴിയും. അന്ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടി വരും.