പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്‍റെ മുതിർന്ന നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു.

 

 

കൊല്‍ക്കത്തയിലെ വീട്ടില്‍ രാവിലെ 9.30ഓടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ചുകാലമായി പൊതുപ്രവർത്തനത്തില്‍ നിന്ന് പൂർണമായും വിട്ടുനില്‍ക്കുകയായിരുന്നു.

 

രണ്ട് തവണയായി 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1944ല്‍ നോർത്ത് കൊല്‍ക്കത്തയിലാണ് ജനനം. 1966ലാണ് ബുദ്ധദേവ്‌ ഭട്ടാചാര്യ സി.പി.എം അംഗമായി പ്രവർത്തനം തുടങ്ങിയത്. 1968ല്‍ ഡി.വൈ.എഫ്‌.ഐ പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971ല്‍ സി.പി.എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന്‌ 1982ല്‍ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1985ല്‍ കേന്ദ്ര കമ്മിറ്റിയിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും 2000ല്‍ പോളിറ്റ്‌ ബ്യൂറോ അംഗമാവുകയും ചെയ്‌തു.

 

1977ല്‍ പശ്ചിമ ബംഗാളില്‍ ഇൻഫർമേഷൻ ആന്റ്‌ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പ്‌ മന്ത്രിയായിരുന്നു. 1987-ല്‍ ഇൻഫർമേഷൻ ആന്റ്‌ കള്‍ച്ചറല്‍ അഫയേഴ്സ് മന്ത്രിയായി. തുടർന്ന്‌ 1996ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999ല്‍ ഉപ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.

 

2007ലെ നന്ദിഗ്രാം വെടിവെപ്പ് സമയത്ത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ ഇതിന്‍റെ പേരില്‍ ഏറെ വിമർശനങ്ങള്‍ക്ക് വിധേയനായി. നന്ദിഗ്രാമില്‍ സമരക്കാർക്ക് നേരെ നടന്ന പൊലീസ്‌ വെടിവെപ്പില്‍ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇടതുപക്ഷ നയങ്ങള്‍ക്ക് വിരുദ്ധമായി നന്ദിഗ്രാമില്‍ കർഷക ഭൂമി കുത്തക മുതലാളിമാർക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി പതിച്ചു നല്‍കിയ നടപടി വൻ പ്രതിഷേധങ്ങള്‍ക്കിടയാക്കി.

 

മീര ഭട്ടാചാര്യയാണ് ഭാര്യ. മകൻ: സുചേതൻ ഭട്ടാചാര്യ. ലളിതമായ ജീവിതശൈലി പിന്തുടർന്നയാളായിരുന്നു ബുദ്ധദേബ്. തുറന്ന നയങ്ങളും ബുദ്ധദേബിന്‍റെ പ്രത്യേകതയായിരുന്നു. എന്നാല്‍, സിംഗൂർ പ്രക്ഷോഭവും നന്ദിഗ്രാം വെടിവെപ്പും ബുദ്ധദേബിന്‍റെ ജീവിതത്തിലെ കറുത്ത പാടായി. പശ്ചിമബംഗാളില്‍ 34 വർഷം നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമാകാൻ ഈ സംഭവങ്ങള്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

 

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *