അംഗോല: അർജുൻ തടി കയറ്റിവന്ന ലോറിയും ഹൈടെൻഷൻ ഇലക്ട്രിക് ലൈനും മണ്ണിടിച്ചില്‍ തകർന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടെന്ന് നിർണായക ദൃക്സാക്ഷി മൊഴി.
ഒരു മാധ്യമത്തോട് നടത്തിയ വെളിപ്പെടുത്തലിലാണ് സ്ഥലവാസിയായ നാഗേഷ് ഗൗഡ ഇക്കാര്യം സൂചിപ്പിച്ചത്. ഷിരൂർ കുന്നിലെ മണ്ണിടിച്ചിലിന്റെ സമയത്ത് ഗംഗാവലി പുഴയില്‍ നിന്നും വിറക് ശേഖരിക്കാൻ വന്നപ്പോഴാണ് ഈ കാഴ്ച കണ്ടതെന്നാണ് ഇയാള്‍ പറയുന്നത്. പോപ്പുലർ ന്യൂസ്
‘കുന്നില്‍ നിന്നും ഇടിഞ്ഞുവീണ ടണ്‍കണക്കിന് മണ്ണിനൊപ്പം ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങിവരുന്നത് കണ്ടു. മണ്ണ് പുഴയുടെ തീരത്തെ ചായക്കടയെയാണ് ആദ്യം പുഴയിലേക്ക് തള്ളിയത്. പിന്നാലെ തടി കയറ്റിയൊരു ലോറിയും പുഴയിലേക്ക് വീഴുന്നത് കണ്ടു.’ ദൃക്സാക്ഷി നാഗേഷ് വ്യക്തമാക്കി.
കുന്നിൻ മുകളിലെ ഹൈടെൻഷൻ ലൈനും ഇതിനിടെ പൊട്ടിവീണെന്നും ഉടൻ പുഴയിലെ വെള്ളം സുനാമി പോലെ മറുവശത്തെ കരയിലേക്ക് അടിച്ചുകയറി വീടുകള്‍ തകർത്തുവെന്നും ദൃക്സാക്ഷി പറയുന്നു. ലോറിയുടെ പിൻഭാഗവും വിറകുമാണ് കണ്ടതെന്നും കുന്നിന്റെ ഭാഗത്തായിരുന്നു ലോറിയുടെ മുൻവശമെന്നും അതിനാല്‍ നിറം മനസിലായില്ലെന്നും നാഗേഷ് പറഞ്ഞു.
അർജുന് വേണ്ടിയുള്ള തെരച്ചിലിന്റെ എട്ടാം ദിവസമായ ഇന്ന് നദിയുടെ തീരത്തുള്ള മൺകൂമ്പാരത്തിലാണ് അധികൃതർ ആദ്യം പരിശോധിച്ചത്. 60 അടി താഴ്ചയില്‍ നിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണുമാന്തി യന്ത്രം അംഗോലയിലെത്തിച്ചു. ഇന്നലെ വൈകീട്ട് സൈന്യത്തിന്റെ പരിശോധനയില്‍ സോണാർ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ബൂം ഉപയോഗിച്ച് പരിശോധന നടത്തും. ഇന്ന് വൈകിട്ടോടെ സംഭവത്തില്‍ വ്യക്തതവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.









