കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ കുടുംബത്തിനു നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണം വളരെ ഗൗരവമുള്ളതാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. ഇങ്ങനെയും ആളുകൾ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നു. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്. സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കർശനമായും നിയമത്തിനു മുന്നിൽ കൊണ്ടുവരും’’– മന്ത്രി പറഞ്ഞു.
എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്ന ദൃശ്യത്തിന്റെ വിവരങ്ങൾ അർജുന്റെ ബന്ധുക്കള്‍ മന്ത്രിയെ നേരിൽ ധരിപ്പിച്ചു. ഷിരൂരിൽ നടക്കുന്ന തിരച്ചിൽ ലക്ഷ്യം കാണും വരെ തുടരേണ്ടതുണ്ടെന്നും ആ നിലയ്ക്കാണ് സംസ്ഥാന സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനത്തിനെത്തിയ രഞ്ജിത് ഇസ്രയേലിനെതിരെയും അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങളിൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. രഞ്ജിത് ഇസ്രയേലിനെതിരെയും അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം നടത്തുന്ന ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികളോട് യുവജന കമ്മിഷൻ ആവശ്യപ്പെട്ടു.