കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുടെ തിരച്ചില്‍ പുരോഗമിക്കുകയാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അർജുനെ കണ്ടെത്താനുള്ള ദൗത്യം ഉഡുപ്പിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുത്തു. ഈശ്വർ മാല്‍പെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കുത്തൊഴുക്കിനെ അവഗണിച്ച് ഗംഗാവലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. അഞ്ചുതവണ വടം കെട്ടി നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് തടസം സൃഷ്ടിക്കുകയാണ്. എന്നാല്‍ വലുതും ചെറുതുമായ ഒട്ടേറെ രക്ഷൗദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിച്ച അനുഭവ പരിചയമുള്ള മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്‍പെയുടെ വരവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
കർണാടകയിലെ ദുരന്തമുഖങ്ങളിലെല്ലാം സ്വന്തം ജീവൻ തൃണവത്കരിച്ച് ആഴങ്ങളിലേക്ക് ഈശ്വർ മുങ്ങാംകുഴിയിട്ടിട്ടുണ്ട്. ഒട്ടേറെ പേരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റിയിട്ടുമുണ്ട്. മുങ്ങിത്താഴുകയായിരുന്ന ഇരുപതിലധികം പേരെ ഈശ്വർ മാല്‍പെ രക്ഷപ്പെടുത്തി. കടലിലും പുഴയിലും ജീവൻ പൊലിഞ്ഞ ഇരുന്നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചു.
മത്സ്യബന്ധന ബോട്ടുകള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന 48 കാരനായ ഈശ്വർ, വെള്ളത്തിനടിയിലെ തിരച്ചിലില്‍ വിദഗ്ധനാണ്. അമ്മയ്ക്കും ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം മാല്‍പെ ബീച്ചിന് സമീപം താമസിക്കുന്ന അദ്ദേഹം, ഫോണ്‍വിളി എത്തിയാല്‍ രാവെന്നോ പകലെന്നോ നോക്കാതെ ദുരന്തമുഖത്ത് ഓടിയെത്തും. കുടുംബത്തിന്റെ ശക്തമായ പിന്തുണയും ഈശ്വറിന് കരുത്തേകുന്നു.
മൂന്നു മിനിറ്റോളം വെള്ളത്തിനടിയില്‍ ശ്വസം പിടിച്ച് നില്‍ക്കാൻ സാധിക്കുന്ന ഈശ്വർ. അടുത്ത കാലം വരെ ഓക്സിജൻ കിറ്റില്ലാതെയാണ് ആഴങ്ങളിലേക്ക് ഊളിയിട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നത്. ചുഴലിക്കാറ്റ് ദുരന്തത്തില്‍പെട്ടവർ, ജീവനൊടുക്കാൻ ശ്രമിച്ചവർ എന്നിങ്ങനെ ഒട്ടേറെ പേരെയാണ് ഈശ്വറിന്റെ ദൈവതുല്യമായ കൈകള്‍ ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റിയത്.
വർഷത്തില്‍ നല്ലരീതിയില്‍ മഴ ലഭിക്കുന്ന ഉഡുപ്പിയില്‍, പലതവണ കരകവിയുന്ന നദികളുള്ള നാട്ടില്‍ ഈശ്വറിന്റെ ദൗത്യം നിർണായകമാകാറുണ്ട്. ഒരാള്‍ വെള്ളത്തില്‍ വീണു കാണാതായാല്‍ ആദ്യം പൊലീസിന്റെ വിളിയെത്തുക ഈശ്വറന്റെ നമ്ബറിലേക്കാകും.
ഈശ്വറിന്റെ സേവനം വിലമതിക്കാനാകാത്തതെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് ലോക്ക് ഡൗണ്‍കാലത്ത് വലിയ നഷ്ടം സംഭവിച്ച ഉഡുപ്പിയിലെ ഹോട്ടല്‍ ഉടമ നദിയിലേക്ക് എടുത്തുചാടി. പുലർച്ചെ 3 മണിക്കാണ് പൊലീസ് ഈശ്വറിനെ വിളിച്ചത്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ അദ്ദേഹം കനത്ത ഇരുട്ടിനെ അവഗണിച്ച് നദിയിലേക്ക് ചാടുകയും കല്ലിനടിയില്‍ കുടുങ്ങിയ ഹോട്ടലുടമയെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
ഏതാണ്ട് 13 വർഷം മുൻപ് പത്താം ക്ലോസില്‍ തോറ്റതിന് മാല്‍പേക്ക് സമീപം കടലിലേക്ക് ചാടിയ പെണ്‍കുട്ടിയെ അതിസാഹസികമായി ഈശ്വർ രക്ഷപ്പെടുത്തിയിരുന്നു. മനുഷ്യരെ മാത്രമല്ല, ഭീമൻ തിരയില്‍ തീരത്ത് നിന്ന് ഉള്‍ക്കടലിലേക്ക് പോയ ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങളെയും ബോട്ടുകളെയും നിയന്ത്രിച്ച് കരക്കെത്തിച്ചിട്ടുണ്ട്. പോപ്പുലർ ന്യൂസ്
ജന്മനാ തന്നെ ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികളുള്ള വീട്ടില്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ടെങ്കിലും പണം ഒരിക്കലും തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് വർഷങ്ങള്‍ക്ക് മുൻപ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ഈശ്വർ മാല്‍പെ പറയുന്നു. “പണത്തിന് വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. എനിക്ക് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കണമെന്നും മറ്റ് രണ്ട് കുട്ടികളേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലുള്ള മകള്‍ ബ്രഹ്മിയെങ്കിലും നടക്കണമെന്ന് ആഗ്രഹിക്കുന്നു, “