കൽപ്പറ്റ : വയനാട്ടിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ ഉണ്ടായ സംഭവത്തിൽ ആശങ്ക. നെന്‍മേനി പഞ്ചായത്തിലെ അമ്പുകുത്തിമല, പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടത്. ഇന്നു രാവിലെ 10.15 ഓടെയാണ് സംഭവം. നെന്‍മേനി പഞ്ചായത്തിലെ അമ്പുകുത്തി, പാടിപ്പറമ്പ്, അമ്പുകുത്തി, മാളിക, പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല ഭാഗത്ത് മേല്‍മുറി, മൂരിക്കാപ്പ്, സേട്ടുകുന്ന്, ചെന്നലായ്കവല എന്നിവിടങ്ങളിലാണ് ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അതേ സമയം, ഭൂകമ്പ മാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. മേൽ പ്രദേശങ്ങൾക്ക് പുറമെ ജില്ലയിലെ മറ്റ് വിവിധ ഭാഗങ്ങളിലും സമാന രീതിയിൽ മുഴക്കം കേട്ടതായി ആളുകൾ പറയുന്നുണ്ട്. ഒരു മിനിറ്റിനിടെ രണ്ടുതവണ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു . വീടുകൾ കുലുങ്ങിയെന്നും, പാത്രങ്ങൾ ഇളകി വീണതായും പ്രദേശവാസികൾ പറയുന്നുണ്ട്.
വയനാടിന് പുറമേ കോഴിക്കോടും ഉഗ്ര ശബ്ദം ഉണ്ടായി.
ആളുകളെ ഒഴിപ്പിക്കുന്നു
വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.