കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പൊതുവേദിയിൽ അപമാനം നേരിട്ട സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ ആസിഫ് അലി. സംഭവം വിവാദമായതോടെ സംഗീത സംവിധായകൻ സന്തോഷ് നാരായണനെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ആസിഫിന്റെ പ്രതികരണം.
വിഷയത്തിൽ പ്രതികരക്കണമെന്ന് കരുതിയതല്ലെന്നും, എന്നാൽ സന്തോഷ് നാരായണനെതിരെ വിദ്വേഷ പ്രചരണം ഉണ്ടായതുകൊണ്ടാണ് പ്രതികരണമെന്നും ആസിഫ് പറഞ്ഞു. “ആ നിമിഷത്തിൽ അദ്ദേഹത്തിനു തോന്നിയ വിഷമം കൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്. ജയരാജ് സാറിൽ നിന്നും മൊമന്റോ വാങ്ങാൻ ആഗ്രഹിച്ചു എന്നത് കൊണ്ടാണ് ഞാൻ പുറകോട്ട് മാറിയത്. എനിക്കതിൽ ഒരു വിഷമവുമില്ല. അദ്ദേഹം മനപൂർവ്വം അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.
യാതൊരു ബുദ്ധിമുട്ടും അതിൽ ഉണ്ടായിട്ടില്ല. എന്റെ പ്രതികരണത്തിൽ നിന്ന് നിങ്ങൾക്ക് അത് മനസിലായിക്കാണും. ഇന്നലെ ഉച്ചക്കാണ് ഞാൻ ഇത് ഓൺലൈനിൽ ശ്രദ്ധിച്ച്ത്. ഇതിൽ എന്ത് മറുപടി പറയുമെന്ന ചിന്തയിലായിരുന്നു ഞാൻ. കാരണം ഞാൻ പറയുന്ന മറുപടി വേറൊരു തലത്തിലേക്ക് പോകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാര്യം ഇത് റിലീജിയസ് ആയ രീതിയിൽ വരെ ഇത് ചർച്ചചെയ്യപ്പെട്ടു.
അങ്ങനെ ഒന്നും ഇല്ല. ഒരു നിമിഷം അദ്ദേഹത്തിന് തോന്നിയ വിഷമം കൊണ്ടാകാം അങ്ങനെ ഉണ്ടായത്. ഇന്ന് രാവിലെ ഞാൻ അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചു. അദ്ദേഹം സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അത് എനിക്ക് ഒരുപാട് വിഷമമുണ്ടാക്കി. ആത്ര സീനിയർആയ ഒരാൾ എന്നോട് മാപ്പു പറയേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി.
എനിക്ക് ആളുകളിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ ദിവസമായിരുന്നു ഇന്നലെ. ലോകത്തുള്ള എല്ലാ മലയാളികളും അവരെകൊണ്ട് പറ്റുന്ന രീതിയിൽ എന്നെ സപ്പോർട്ട് ചെയ്തു. എല്ലാം ഞാൻ കണ്ടു അതിലെല്ലാം ഒരുപാട് സന്തോഷമുണ്ട്. കലയോളം തന്നെ കലാകാരനെയും സ്നേഹിക്കുന്നവരാണ് മലയാളികൾ എന്നെനിക്ക് മനസിലായി. അതോടൊപ്പം അദ്ദേഹത്തിനെതിരെ വിദ്വേഷ പ്രചാരണം ഉണ്ടാകുന്നതിനോട് എനിക്ക് വിയോജിപ്പും ഉണ്ട്,” വാർത്ത സമ്മേളനത്തിൽ ആസിഫ് അലി പറഞ്ഞു.