സിനിമാ പ്രേമികൾ തലയിലേറ്റി നടന്ന മലയാള സിനിമയുടെ രോഗം എന്താണെന്ന് ഒരു പതിറ്റാണ്ട് മുന്‍പെ പ്രവചിച്ചയാളാണ് ഡോ: സുകുമാര്‍ അഴിക്കോട്. വിഗ് വെച്ച കങ്കാളങ്ങളെന്നാണ് അന്ന് അദ്ദേഹം സൂപ്പര്‍ സ്റ്റാറുകളെ വിശേഷിപ്പിച്ചിരുന്നത്. മാന്യതയുടെ മുഖംമൂടി അണിഞ്ഞ് ഇവര്‍ നടത്തുന്ന വൃത്തികേടുകള്‍ വിളിച്ചു പറയുമെന്ന അഴിക്കോടിന്റെ ഭീഷണിക്ക് മുന്‍പില്‍ മുട്ടിടിക്കുകയും ഓടിയൊളിക്കുകയും ചെയ്തു ഇവരില്‍ പലരും. താരസംഘടനയായ അമ്മയില്‍ നിന്നും തിലകനെ പുറത്താക്കുകയും മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്തപ്പോഴാണ് അഴീക്കോടിന്റെ വിമര്‍ശനം സൂപ്പര്‍ താരങ്ങളിലേക്ക് തിരിഞ്ഞത്. എന്നാല്‍ അഴിക്കോടിനെ വ്യക്തിപരമായി അവഹേളിച്ചു വായ അടപ്പിക്കാന്‍ അന്നത്തെ അമ്മ പ്രസിഡണ്ടായ ഇന്നസെന്റ് വില കുറഞ്ഞ ന്യായവാദങ്ങളുമായി രംഗത്തിറങ്ങിയെങ്കിലും സുകുമാർ അഴിക്കോടിന്റെ മൂര്‍ച്ചയേറിയ വാക്കുകളാല്‍ മുറിവേറ്റു നിശബ്ദനാവുകയായിരുന്നു. ഒരമ്മാവന്‍ ഫലിതമായി ഡോ: സുകുമാര്‍ അഴിക്കോടിന്റെ വിമര്‍ശനങ്ങളെ നിസാരമായി കണ്ട സൂപ്പർ താരം താന്‍ അങ്ങേയ്ക്കു ഒരു ഇരയല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ കാണിക്കുന്ന വൃത്തികേടുകള്‍ ഒന്നൊന്നായി എണ്ണിയെണ്ണി പറഞ്ഞ സുകുമാര്‍ അഴീക്കോട് ആരെയും വെറുതെ വിട്ടില്ല. മറ്റു മുന്‍നിര നടന്മാരും അഴിക്കോട് മാഷിന്റെ വാക്കുകളുടെ ചൂടറിഞ്ഞു. ഒടുവില്‍ സിനിമാ മേഖലയിലെയും രാഷ്ട്രീയ നേതാക്കളില്‍ ചിലരും ഇടപെട്ടതിനെ തുടര്‍ന്നാണ് സുകുമാര്‍ അഴിക്കോട് തന്റെ വിമര്‍ശനങ്ങളില്‍ നിന്നും പിന്നോട്ടു പോയത്. എന്നാല്‍ അന്ന് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ മലയാള സിനിമാ ലോകത്തിന്റെ വേരുകള്‍ ഇളക്കിയിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയായാണ് ഡബ്ല്യു.സി.സിയുടെ ഉദയവും പ്രതിരോധവുമുണ്ടായത്. നടിയെ ആക്രമിച്ചതോടെയാണ് മലയാള സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മുന്‍ ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ ഇപ്പോളിതാ സിനിമയെ സ്നേഹിക്കുന്നവരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പണവും സ്വാധീനവും കൊണ്ട് എന്തും ചെയ്യാം എന്ന് ധരിച്ചുവെച്ചിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ… ഇത് വെള്ളരിക്കാ പട്ടണമല്ല… കേരളത്തിലെ തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ഇത്തരം നെറികെട്ട ചൂഷണങ്ങൾക്ക് പിന്നിൽ ആരാണ്… ഇരയായവർ ആരെയാണ് ഭയക്കുന്നത്… ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇത്രയും വൈകാൻ എന്താണ് കാരണം… ഇതിനൊക്കെ ജനങ്ങൾക്ക് എത്രയും പെട്ടെന്ന് ഉത്തരങ്ങൾ കിട്ടിയേ മതിയാവൂ…