കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ജൂലൈ 20 നു 5 മണിക്ക് മുമ്പ് ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കണം. ടോക്കൺ ഫീസ് അടക്കാത്തവർക്കു തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫീസ് അടക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റെഗുലർ അലോട്ട്‌മെന്റ്കളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല. കോളേജുകളിലെ സീറ്റ് ഒഴിവു സംബന്ധിച്ചുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.
താത്കാലിക ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (ടൂ ആൻറ് ത്രീ വീലർ മെയിൻറെനൻസ്), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്), ട്രേഡ്‌സ്മാൻ (വെൽഡിംഗ്) തസ്തികകളിൽ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഓരോഒഴിവുണ്ട്. ട്രേഡ്‌സ്മാൻ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ/ വിഎച്ച്എസ്ഇ / കെജിസിഇ / ഡിപ്ലോമ.. യോഗ്യരായ അപേക്ഷകർക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. ട്രേഡ്‌സ്മാൻ (ടൂ ആൻറ് ത്രീ വീലർ മെയിൻറെനൻസ്) ജൂലായ് 23 ന് രാവിലെ 9 മണി, ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) ജൂലായ് 23 ന് രാവിലെ 10:30 മണി, ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ജൂലായ് 23 ന് ഉച്ചക്ക് 12 മണി, ട്രേഡ്‌സ്മാൻ (വെൽഡിംഗ്) ജൂലായ് 23ന് ഉച്ചക്ക് 2 മണി എന്നിങ്ങനെയാണ് സമയക്രമം. യോഗ്യത സർട്ടിഫിക്കറ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.
പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനം
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് സൂചിക സർക്കാർ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി ഓൺലൈനായി ജൂലൈ 19 മുതൽ 2024 ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2024 ജൂലൈ 19 മുതൽ ആഗസ്റ്റ് 5 വരെ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകർ, ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജി.എൻ.എം കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.
അപേക്ഷാർഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ് ആണ്. സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസാണ്. എൽ.ബി.എസ് സെന്റർ ഡയറക്ടർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചയിക്കുന്ന തിയതിയിൽ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
പോളിടെക്‌നിക് റഗുലർ ഡിപ്ലോമ ജില്ലാതല കൗൺസിലിങ്ങ് ജൂലൈ
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്പ്, എൽബിഎസ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ജില്ലാതല കൗൺസിലിങ്ങ് ജൂലൈ 22 മുതൽ ജൂലൈ 26 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ വച്ച് നടത്തും. അപേക്ഷകർക്ക് ജൂലൈ 17 മുതൽ 21 വരെ അഡ്മിഷൻ വെബ്‌സൈറ്റിലെ ‘Counselling/ Spot Admission Registration’ എന്ന ലിങ്ക് വഴി ഓൺലൈനായി ആപ്ലിക്കേഷൻ/ മൊബൈൽ/ One Time Registration നമ്പരും ജനനതീയതിയും നൽകി റജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ ജില്ലാതല കൗൺസലിംഗിൽ പങ്കെടുപ്പിക്കില്ല.
അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം കൗൺസലിംഗിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ, ആയതിനാൽ അപേക്ഷകന് സൗകര്യപ്രദമായ ജില്ലകൾ നോക്കി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മൂന്ന് ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല.
നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. നിലവിൽ പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും. സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, അഡ്മിഷൻ സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസീതോ അഡ്മിഷൻ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കണം.
www.polyadmission.org യിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതാതു നോഡൽ പോളീടെക്‌നിക് കോളേജുകളിൽ ഹാജരാകേണ്ടതാണ്. ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കില്ല. കൗൺസലിംഗ് സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകുന്നതുമായിരിക്കും.
സ്പോട്ട് അഡ്മിഷൻ
വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ സിവിൽ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി എന്നീ വിഭാഗത്തിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 2024 ജൂലൈ 19 ന് രാവിലെ 9.30ന് കോളേജിൽ വച്ച് നടത്തുന്നു. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും അപേക്ഷ നൽകാവുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സിലേക്ക് ജനറൽ മെരിറ്റ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷൻ 2024 ആഗസ്റ്റ് 19ന് നടത്തുന്നതാണ്. ഇതിലേക്കായി ജനറൽ മെരിറ്റ് വിഭാഗം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30ന് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in, www.polyadmission.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഗവ. പ്രസ്സിലെ ജീവനക്കാർക്കും സീറ്റുകളിലേക്ക് സംവരണം ഉണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 24ന് വൈകിട്ട് 4 മണിക്ക് മുമ്പായി സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഓഫീസിൽ സമർപ്പിക്കണം.
ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ്
കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ബ്രിഡ്ജ് കോഴ്‌സ് ജൂലൈ 29 മുതൽ ആഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം പ്ലസ്ടു തലത്തിൽ കമ്പ്യൂട്ടർ സയൻസ് / ബയോളജി സയൻസ് പൂർത്തികരിച്ചതിനു ശേഷം കമ്പ്യൂട്ടർ / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനിയറിങ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്കായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കാര്യവട്ടം ഐസിഫോസിലാണ് പ്രോഗ്രാം നടത്തുന്നത്. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയായിരിക്കും ക്ലാസുകൾ.
സ്‌കൂളിൽ നിന്ന് കോളേജിലേക്കുള്ള പരിവർത്തന കാലയളവിൽ വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സ് വളരെ പ്രയോജനകരമാകും. പ്രാക്ടിക്കൽ അധിഷ്ഠിത സെഷനുകളിലൂടെ വരാനിരിക്കുന്ന ഡിഗ്രി പ്രോഗ്രാമിൽ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ആവശ്യമായ അറിവ് ഈ കോഴ്‌സിൽ നിന്നും ലഭിക്കും. കൂടാതെ ഈ മേഖലയിലെ വിദഗ്ധരുമായി നിരന്തരം സംവദിക്കാനും സാധിക്കും. ഒരു ബാച്ചിൽ 30 സീറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഒരാൾക്ക് 2,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. https://icfoss.in/event-details/194 എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 24. കുടുതൽവിവരങ്ങൾക്ക്: 7356610110, +91 2700012/13, 0471 2413013, 9400225962.
_________________________________