പുതിയ ഡ്രൈവിങ് ലൈസൻസിനും നിലിവിലുള്ളത് പുതുക്കാനുമായി കാത്തിരിക്കുന്നവർ 5.23 ലക്ഷം. ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നത് 2.91 ലക്ഷവും. നിലവിലെ അവസ്ഥയിൽ ആറുമാസത്തിലേറെ കാത്തിരുന്ന് ടെസ്റ്റ് പാസായാലും ഉടൻ ലൈസൻസ് കിട്ടില്ല. ടെസ്റ്റ് പാസായ 1.44 ലക്ഷം പേർക്കും, ലൈസൻസ് പുതുക്കാൻ നൽകിയ 86,987 പേർക്കും ഇനിയും കാർഡ് ലഭിച്ചിട്ടില്ല.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഡ്രൈവിങ് ടെസ്റ്റ് പാസായവർക്കും പുതുക്കാനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടവർക്കും ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം. ഡിജി ലോക്കർ, എം. പരിവാഹൻ മൊബെൽ ആപ്പുകളിൽ ഇവ ലഭിക്കും.
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഒരു ആർ.ടി.ഓഫിസിന് കീഴിൽ 40 പേർക്ക് മാത്രമായിരിക്കും ലൈസൻസ് ടെസ്റ്റ് എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഡ്രൈവിങ്ങ് സ്കൂളുകാരുടെ പ്രതിഷേധം ശക്തമായതോടെ ഒരു മോട്ടോർ വെഹിക്കിൾ ഓഫീസർ 40 ടെസ്റ്റുകൾ നടത്തുന്നതിലേക്ക് മാറ്റം വരുത്തുമെന്നും രണ്ട് ഓഫീസർമാരുള്ള ഓഫീസുകളിൽ 80 ലൈസൻസുകൾ ഇത്തരത്തിൽ നൽകുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിക്കുകയായിരുന്നു.
പ്രതിദിനം അനുവദിച്ചിട്ടുള്ള 40 അപേക്ഷകരിൽ പുതിയ 25 പേർ, പഴയ 10 പേർ, വിദേശത്ത് പോകുന്ന അഞ്ചുപേർ എന്നിങ്ങനെയാണ് പുതിയ ക്രമീകരണം. വിദേശത്ത് പോകുന്ന അഞ്ചുപേർ ഹാജരാകുന്നില്ലെങ്കിൽ ലേണേഴ്സ് കാലാവധി കഴിഞ്ഞ അഞ്ച് പേരെ പരിഗണിക്കാം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് H എടുക്കൽ എന്ന ക്രമത്തിലാകും ടെസ്റ്റുകൾ നടക്കുക എന്നായിരുന്നു നിർദേശം.