ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ റേഷന്‍ കടകള്‍; 70 % ഷോപ്പുകളും കാലി; കുടിശ്ശിക കിട്ടാതെ സാധനങ്ങള്‍ എത്തിക്കില്ലെന്ന് വിതരണക്കാർ

കൊച്ചി : ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെയാണ് കേരളത്തിലെ റേഷന്‍ കടകള്‍ അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തെ 70 ശതമാനം റേഷന്‍കടകളും കാലിയായി. ജനുവരി ഒന്നുമുതല്‍ വാതില്‍പടി സേവനം മുടങ്ങിയതോടെയാണ് വിതരണം കടുത്ത പ്രതിസന്ധിയിലായത്. ഇന്നലെ കടകളിലെത്തിയ പലര്‍ക്കും വെറുംകൈയോടെ തിരിച്ചുപോകേണ്ടിവന്നു. ഈ മാസം തുടക്കം മുതല്‍ സ്റ്റോക്കുണ്ടായിരുന്ന അരിയാണ് വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ഉണ്ടായിരുന്ന സ്റ്റോക്കുകൂടി തീര്‍ന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. ചില കടകളില്‍ ഏതാനും ചാക്ക് അരിമാത്രമാണ് സ്റ്റോക്കുള്ളത്.

എ.പി.എല്‍, ബി.പി.എല്‍, എ.പി.എല്‍ എസ്.എസ്, എ.വൈ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 93,49,000 കാര്‍ഡുടമകളാണുള്ളത്. 39 ലക്ഷം വരുന്ന ബി.പി.എല്‍ കാര്‍ഡുടമകളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്.

മുപ്പതു കിലോ അരിയും അഞ്ചു കിലോ ഗോതമ്പുല്‍പ്പന്നങ്ങളും സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന എ.വൈ കാര്‍ഡുടമകള്‍ക്ക് ലഭിക്കുമെങ്കിലും കടകള്‍ കാലിയായതോടെ ഇവരും പട്ടിണിയിലേക്ക് നീങ്ങുകയാണ്. കൂടുതല്‍ പേരും റേഷന്‍ വാങ്ങുന്നത് മാസാവസാനം ആയതിനാല്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.

മൂന്നരമാസമായി സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് വാതില്‍പ്പടി വിതരണം മുടങ്ങിയത്. ഒരുമാസം 17 കോടി രൂപയാണ് ഇവര്‍ക്ക് നല്‍കേണ്ടത്. മൂന്നരമാസത്തെ 59.5 കോടിരൂപയാണ് കുടിശ്ശിക. ഇതോടെ സംസ്ഥാനത്തെ 14,150 റേഷന്‍കടകളിലെ വാതില്‍പടി വിതരണമാണ് മുടങ്ങിയത്. തങ്ങള്‍ സമരത്തിലല്ലെന്നും ബില്‍ മാറിക്കിട്ടാത്തതിനാല്‍ ഭാരിച്ച ചെലവ് തങ്ങാന്‍ കഴിയാത്തതിനാലാണ് വിതരണം നടത്താത്തതെന്നും കേരള ട്രാന്‍സ്‌പോര്‍ട്ടിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫഹദ് ബിന്‍ ഇസ്മാഈല പറഞ്ഞു. സിസി അടക്കാത്തതിനാല്‍ ബാങ്കുകള്‍ ലോഡ് ഇറക്കുന്നവണ്ടികള്‍ പിടിച്ചെടുക്കുകയാണ്. ഇന്ധനം നിറക്കാന്‍പോലും പണമില്ല. തങ്ങളെ ആശ്രയിച്ചുകഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങളുന്നയിച്ച് 27മുതല്‍ റേഷന്‍ വ്യാപാരികള്‍ നടത്തുന്ന സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ ഇസ്ഹാക്ക് വ്യക്തമാക്കി.

ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തില്‍നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്‍മാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. റേഷന്‍ വ്യാപാരി സമരം സര്‍ക്കാര്‍ ഗൗരവമായി കാണും. കമ്മിഷന്‍ തുക വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അനുഭാവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *