കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളുടെ താളംതെറ്റല്‍ തുടർക്കഥയായതോടെ എന്തുചെയ്യണമെന്നറിയാതെ യാത്രക്കാർ പരിഭ്രാന്തിയിലാണ്. മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്ന കുടുംബങ്ങള്‍ ആധിയിലാണ്. തങ്ങളുടെ യാത്രാദിവസം വിമാനം റദ്ദാക്കുമോ എന്ന പേടിയില്‍ പലരുടേയും ഉറക്കംതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ വിമാന നിരക്ക് മുൻ മാസങ്ങളേക്കാള്‍ ഇരട്ടിയിലധികമാണ്. അവധിക്കാലമായതിനാല്‍ എല്ലാ ദിവസവും വിമാനങ്ങള്‍ നിറഞ്ഞാണ് പോകുന്നത്. അതുകൊണ്ടുതന്നെ സർവീസ് റദ്ദാക്കിയാല്‍ വേറെ സർവീസ് അന്വേഷിച്ചതുകൊണ്ട് കാര്യമായ പ്രയോജനമില്ല. മാത്രമല്ല ടിക്കറ്റ് കിട്ടിയാല്‍തന്നെ ഇരട്ടിയിലധികം തുക വേണ്ടിവരുകയും ചെയ്യും.നാലും അഞ്ചും അംഗങ്ങളുള്ള കുടുംബങ്ങളാണ് സ്കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നത്. എല്ലാവരുടേയും ടിക്കറ്റിനായി വൻതുകയാണ് ചെലവഴിച്ചിട്ടുള്ളത്. വീണ്ടും ഇരട്ടിതുകക്ക് ടിക്കറ്റ് എടുക്കുന്നതിനെക്കുറിച്ച് പലർക്കും ആലോചിക്കാൻതന്നെ കഴിയുന്നില്ല. കഴിഞ്ഞദിവസത്തെ കോഴിക്കോട് സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടർന്ന് അനേകർക്കാണ് കനത്ത നഷ്ടമുണ്ടായത്. ശനിയാഴ്ച പി.എസ്.സി നടത്തുന്ന അധ്യാപക തസ്തിക പരീക്ഷ എഴുതേണ്ട നിരവധി ഉദ്യോഗാർഥികള്‍ ടിക്കറ്റെടുത്തിരുന്നു. ബഹ്റൈനില്‍ കുടുങ്ങിപ്പോയവർക്ക് പരീക്ഷ നഷ്ടമായി. ഇനി മൂന്ന് വർഷം കഴിയണം വീണ്ടുമൊരു പരീക്ഷക്ക് അപേക്ഷ നല്‍കാൻ. അനുവദനീയമായ പ്രായപരിധി അപ്പോഴേക്കും കഴിയുന്നവർക്ക് സർക്കാർ ഉദ്യോഗം എന്ന സ്വപ്നം കിട്ടാക്കനിയായി അവശേഷിക്കുകയും ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടേയും നോർക്ക അടക്കമുള്ള ബോഡികളുടേയും സത്വര ഇടപെടലുണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. എം.പിമാർക്കടക്കം നിവേദനങ്ങള്‍ സംഘടനകള്‍ നല്‍കിയിട്ടുണ്ട്. താഴെപ്പറയുന്ന പോർട്ടലില്‍ പരാതി നല്‍കാൻ എല്ലാ യാത്രക്കാരും ശ്രദ്ധിക്കണമെന്ന് സാമൂഹിക പ്രവർത്തകർ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here