മാളുകളിൽ ശ്രദ്ധതെറ്റിച്ച് പോക്കറ്റടി പതിവാക്കിയ സംഘത്തെ തന്ത്രപരമായി പിടികൂടി ദുബായ് പോലീസ്

ദുബായ് : മാളുകളിലും തിരക്കേറിയ സ്ഥലങ്ങളിലും സന്ദര്‍ശകരുടെ ശ്രദ്ധതെറ്റിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം നടത്തുന്ന നാലംഗ സംഘം പോലിസിൻ്റെ പിടിയിൽ. ദുബായ് പോലിസിന്റെ തന്ത്രപരമായ ഇടപെടലാണ് പോക്കറ്റടി സംഘത്തെ കുടുക്കിയത്. അടുത്ത കാലത്തായി മാളുകള്‍ കേന്ദ്രീകരിച്ച് ഇത്തരം പോക്കറ്റടി സംഭവങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലിസിന്റെ ഇടപെടല്‍.

കാല്‍നടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന തിരക്കേറിയ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് ദുബായ് മാള്‍ പോലുള്ള ജനപ്രിയ സ്ഥലങ്ങളില്‍ മോഷണം ഇത്തരം മോഷണ പരാതികള്‍ കൂടിയതോടെ സംഘത്തെ വലയിലാക്കാന്‍ രഹസ്യ പോലിസിന്റെ ഒരു സംഘത്തിന് ദുബായ് പോലിസ് രൂപം നല്‍കുകയായിരുന്നു. ഈ സംഘം ദുബായ് മാളില്‍ ഷോപ്പിങ് ചെയ്യാനെത്തിയവരെ പോലെ സിവില്‍ വസ്ത്രത്തില്‍ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുകയും തട്ടിപ്പു സംഘത്തിനായി വലവിരിക്കുകയുമായിരുന്നു.

ഒടുവില്‍ നാലു പേരടങ്ങുന്ന സംഘം സിഐഡി സംഘത്തിന്റെ പിടിയിലാവുകയും ചെയ്തു. 23, 28, 45, 54 വയസ്സ് പ്രായമുള്ള പ്രവാസികളുടെ സംഘമാണ് പിടിയിലായത്. കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പോക്കറ്റടി നടത്തിയതെന്ന് പോലിസ് വ്യക്തമാക്കി. സംഭവദിവസം ആള്‍ക്കൂട്ടത്തിന്റെ തിരക്ക് കൂടുതലുള്ള ദുബായ് മാളിലെ ഡാന്‍സിങ് ഫൗണ്ടന്‍ ഏരിയയിലായിരുന്നു ഇവര്‍ പോക്കറ്റടി ആസൂത്രണം ചെയ്തത്. ഷോ കാണാനെന്ന ഭാവത്തില്‍ സന്ദര്‍ശകര്‍ക്കിടയില്‍ നിലയുറപ്പിച്ച രഹസ്യ പോലിസ് സംഘം പോക്കറ്റടി സംഘത്തെ കൈയോടെ പിടികൂടുകയായിരുന്നു.

ഒരു യുവതിയുടെ ബാഗില്‍ നിന്ന് വിലപിടിപ്പുള്ള മബൈല്‍ ഫോണ്‍ കൈക്കലാക്കാനായിരുന്നു സംഘത്തിന്റെ പ്ലാന്‍. ഇതനുസരിച്ച് സംഘത്തിലൊരാള്‍ ഇരയെ നിരീക്ഷിക്കുകയും മറ്റ് രണ്ട് പേര്‍ യുവതിയുടെ ശ്രദ്ധ തിരിക്കുകയും ഇതിനിടയില്‍ നാലാമന്‍ അവളുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയുമായിരുന്നു. മൊബൈല്‍ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ യുവതി പെട്ടെന്നു തന്നെ പ്രതിരകരിച്ചെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ നാലുപേരും നാലു ഭാഗത്തേക്ക് ഓടുകയുമായിരുന്നു.

ഇവരെ പിന്തുടര്‍ന്ന രഹസ്യ പോലിസ് ഇവരെ സംഭവ സ്ഥലത്ത് വച്ചു തന്നെ പിടികൂടിയെങ്കിലും അവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല. പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇവര്‍ കുറ്റക്കാരാണെന്നും കണ്ടെത്തിയ കോടതി ഇവര്‍ക്കെതിരേ ശിക്ഷ വിധിക്കുകയായിരുന്നു. ഒരു മാസത്തെ തടവും അതിനു ശേഷം ദുബായില്‍ നിന്ന് നാടുകടത്താനുമാണ് കോടതി ഉത്തരവിട്ടത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *