തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് ഏഴാം ക്ലാസ്സുകാരന്

തൃശ്ശൂർ:ഏഴാം ക്ലാസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ വകഭേദമാണ് കുട്ടിയിൽ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് തൃശൂർ ഡി.എം.ഒ. അറിയിച്ചു.

ഇക്കഴിഞ്ഞയാഴ്ച കോഴിക്കോട് തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. രോ​ഗലക്ഷണങ്ങൾ കണ്ട് 24 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയിരുന്നു. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നു കുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഫറോക്ക് സ്വദേശിയായ പതിമൂന്നു വയസ്സുകാരന്‍ മൃദുല്‍ ദിവസങ്ങൾക്ക് മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്.

ജൂണ്‍ അവസാനമാണ് കണ്ണൂര്‍ സ്വദേശിയായ പതിമൂന്നുകാരി ദക്ഷിണ രോഗം ബാധിച്ച് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തലവേദനയും ഛര്‍ദിയും ബാധിച്ചാണ് ദക്ഷിണയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു.

രോഗംബാധിച്ച് മലപ്പുറം മുന്നിയൂര്‍ സ്വദേശിനിയായ അഞ്ചു വയസ്സുകാരി മേയ് മാസത്തില്‍ മരിച്ചിരുന്നു. കടലുണ്ടിപ്പുഴയില്‍ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *