നിപാ പ്രതിരോധം വിജയം: മലപ്പുറം നിപാ മുക്തം

തിരുവനന്തപുരം :  മലപ്പുറത്തെ നിപാ പ്രതിരോധം വിജയം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് സ്ഥിതി വിലയിരുത്തിയത്. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡായ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി.  ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിയ്ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായി. ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം കൊണ്ടാണ് മറ്റൊരാളിലേക്ക് നിപാ വൈറസ് പകരാതെ സംരക്ഷിക്കാനായത്. നിപാ പ്രതിരോധത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

മലപ്പുറത്ത് നിപാ വൈറസ് സംശയിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി നേരിട്ട് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ദിവസവും മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ നടത്തി തുടര്‍നടപടി സ്വീകരിച്ചു. മുഖ്യമന്ത്രി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. നിപ നിയന്ത്രണത്തിനായി നിപാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രേയ്സിംഗ് അന്ന് രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നിപ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ തീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങി. മാനസികാരോഗ്യം ഉറപ്പാക്കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കി. പൂര്‍ണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണമേര്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കുകയാണ് ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *