അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്‌ക്ക് രോഗികൾക്ക് വ്യാഴാഴ്ച മുതൽ ലഭ്യമാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാണ് ആദ്യഘട്ടത്തിൽ ലാഭരഹിത കൗണ്ടർ പ്രവർത്തിക്കുക. സംഭരിക്കുന്ന മരുന്നുകളിൽ രണ്ടുശതമാനം സേവനചെലവ് മാത്രം ഈടാക്കും. കെഎംഎസ്‌സിഎല്ലിന് കിട്ടുന്ന അഞ്ചുമുതൽ ഏഴുശതമാനം വരെയുള്ള ലാഭം പൂർണമായും ഒഴിവാക്കിയാണ് ആരോഗ്യവകുപ്പ് പദ്ധതി ആവിഷ്കരിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നിലവിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാർമസിയുടെ ഒരുഭാഗം കൗണ്ടറിനായി മാറ്റിവയ്‌ക്കും. ഒരോ ജീവനക്കാർക്ക് ചുമതലയുണ്ടാകും. കെഎംഎസ്‌സിഎൽ ആസ്ഥാനത്ത് ഒരാൾക്ക് അധികച്ചുമതലയുമുണ്ടാകും. ഭാവിയിൽ കൂടുതൽ ഫാർമസികളിൽ കൗണ്ടർ ആരംഭിക്കും. സംസ്ഥാനവ്യാപകമായി 14 ജില്ലകളിലും ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം വ്യാഴം വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.
മരുന്നുകൾ വിപണിവിലയിൽനിന്ന് 26–96ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. വിപണിയിൽ 1.73 ലക്ഷംരൂപ വിലയുള്ള പാസോപാനിബ് 93 ശതമാനം വിലക്കുറവിൽ 11892.38 രൂപയ്ക്ക് ലഭ്യമാക്കും. 2511രൂപ വിലയുള്ള സൊലെൻഡ്രോണിക് ആസിഡ് ഇൻജക്‌ഷന് 96.39 രൂപ മാത്രം. അബിറാടെറൊൺ, എൻസാലുറ്റമൈഡ് ടാബ്‌ലറ്റുകൾ, റിറ്റുക്സ്വിമാബ്, ജെംസൈടാബിൻ, ട്രാസ്റ്റുസുമാബ് ഇൻജക്‌ഷനുകൾ തുടങ്ങി 64ഇനം ആന്റി ക്യാൻസർ മരുന്നുകളും ലാഭരഹിത കൗണ്ടറിൽ കമ്പനിവിലയ്ക്ക് കിട്ടും.
_*മരുന്നുകൾ വിലകുറച്ച് ലഭ്യമാവുന്ന കാരുണ്യ ഫാർമസികൾ*_
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ മെഡി. കോളേജ് ആശുപത്രി, കോട്ടയം
മെഡി. കോളേജ് ആശുപത്രി, ഇടുക്കി നെടുങ്കണ്ടം താലൂക്കാശുപത്രി, എറണാകുളം മെഡി. കോളേജ് ആശുപത്രി,
തൃശൂർ മെഡി. കോളേജ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡി. കോളേജ് ആശുപത്രി,
മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ പരിയാരം മെഡി. കോളേജ്, കാസർകോട് ജനറൽ ആശുപത്രി.