പാലക്കാട്: 25 ദിവസത്തിനിടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചത് ആറ് പേർ. ഈ വര്‍ഷം ഇതുവരെ 22 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളിലും പൊതുജനം വേണ്ടത്ര കരുതല്‍ സ്വീകരിക്കാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. നിലവില്‍ എലിപ്പനി കേസുകളില്‍ രോഗം നിര്‍ണയിക്കുന്നതിന് മുമ്പ് തന്നെ രോഗിയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ വഷളാവുകയും മരിക്കുകയുമാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ യുവതി എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ 12ന് കുമരംപുത്തൂരില്‍ 35 വയസ്സുകാരനും 19ന് മുതുതലയില്‍ 40 വയസ്സുകാരനും 14ന് കാവശ്ശേരിയില്‍ 30 വയസ്സുകാരനും 15ന് 56 വയസ്സുകാരനും എട്ടിന് പൊല്‍പുള്ളിത്തറയില്‍ 72 വയസ്സുകാരനുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇത് കൂടാതെ ജില്ലയില്‍ തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചെത്തിയ യുവതിയും പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 71കാരനും ഡെങ്കിപ്പനി ബാധിച്ചും മരിച്ചിരുന്നു. അഗളിയില്‍ 18കാരനും പനിബാധിച്ച് മരണപ്പെട്ടു.