തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്വഭാവിക മരണം സംശയാസ്പദ മരണമാക്കി;സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരൂരങ്ങാടി: കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മരണപ്പെട്ട മൂന്നിയൂർ സ്വദേശിയുടെ സ്വഭാവിക മരണത്തെ സംശയാസ്പദ മരണമെന്ന് പോലീസിന് റിപ്പോർട്ട് നൽകുകയും അതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തേണ്ട പോസ്റ്റ്മോർട്ടം വളരെ വൈകിപ്പിച്ച് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും മൃതദേഹത്തെ അനാദരിക്കുകയും ചെയ്ത സംഭവത്തിലെ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അഷ്റഫ് കളത്തിങ്ങൽ പാറയെ അറിയിച്ചു.

താലൂക്ക് ആശുപത്രിയിൽ തുടർ ചികിൽസ നടത്തി കൊണ്ടിരുന്ന മൂന്നിയൂർ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങൽ അബൂബക്കർ എന്ന കുഞ്ഞിപ്പ മൗലവിയാണ് കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിക്ക് ഷുഗർ കൂടി ക്ഷീണവും ശ്വാസ തടസവും നേരിട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഭാര്യയും അയൽവാസിയും ആശുപത്രിയിൽ എത്തിച്ച സമയത്ത് ഡ്യൂട്ടി ഡോക്ടർ പരിശോധിക്കാൻ എത്താൻ വൈകുകയും ഡോക്ടർ എത്തിയപ്പോഴേക്കും രോഗി മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സംശയാസ്പദ മരണമെന്ന രീതിയിൽ ഡ്യൂട്ടി ഡോക്ടർ പോലീസിന് റിപ്പോർട്ട് നൽകുകയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ട ഡോക്ടർ താൻ ഈ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യില്ലെന്നും സംശയാസ്പദ മരണമെന്ന് ഡ്യൂട്ടി ഡോക്ടർ റിപ്പോർട്ട് നൽകിയതിനാൽ മഞ്ചേരിയിൽ കൊണ്ട് പോയി ഫോറൻസിക് സർജൻ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും പറഞ്ഞ കൈയൊഴിയുകയായിരുന്നു. സംശയാസ്പദമല്ലാത്ത സ്വഭാവിക മരണം സംഭവിച്ച മൃതദേഹത്തോട് മാനുഷിക പരിഗണന കാണിക്കാതെ മൃതദേഹത്തോട് കാണിച്ച അനാദരവ് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *