•പുതുതായി ചുമതലയേറ്റ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ശ്രീ. കിഞ്ചരാപ്പു റാം മോഹൻ നായിഡുവിനെ നേരിൽ കണ്ട് കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനുകളിൽ നിന്ന് പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും ചർച്ച ചെയ്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി ഓപ്പറേഷന് അനാവശ്യവും അനിയന്ത്രിതവുമായി തുടരുന്ന സസ്‌പെൻഷൻ വിഷയത്തിൽ മന്ത്രിയുടെ വിവേചനരഹിതമായ ഇടപെടൽ ആവശ്യപ്പെട്ടു. വിമാനത്താവളവും എയർലൈൻ കമ്പനികളും വൈഡ് ബോഡി ഓപ്പറേഷന് സന്നദ്ധമാണെന്നും സർവീസ് നടക്കാത്തത് കൊണ്ട് യാത്രക്കാരും വിമാനത്താവളവും നിരവധി നഷ്‌ടങ്ങൾ നേരിടുന്നതായും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നിർമാണ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. നേരത്തെ ഭൂമി ഏറ്റെടുത്ത് നൽകാനും റൺവേ വെട്ടിച്ചുരുക്കാനും ധൃതി കാണിച്ച അതോറിറ്റിക്ക് ഇപ്പോൾ നിർമാണ കാര്യത്തിൽ വേഗതയില്ല. ഇക്കാര്യത്തിൽ മന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു.
നിർമാണ പ്രവർത്തനങ്ങളുടെ പ്രാഥമിക ഘട്ടം ആരംഭിച്ചതായും ലാൻഡ് സ്റ്റബിലൈസിങ് പുരോഗമിക്കുന്നതായും ഡിസൈനിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഡൽഹി ഐ.ഐ.ടിയുടെ സഹായം തേടിയതായും ബന്ധപ്പെട്ട അധികൃതർ വിശദീകരണം നൽകി. ലാൻഡ് സ്റ്റബിലൈസിങ് പൂർത്തിയായാൽ ആഗസ്ത് അവസാനത്തോടെ എർത്ത് ഫില്ലിംഗ് ആരംഭിക്കും. പിന്നീട് നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നും അതിനോടകം ബന്ധപ്പെട്ട സംസ്ഥാന സർക്കാർ വകുപ്പുകളുടെ അനുമതികൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിർമാണവുമായി ബന്ധപ്പെട്ട് അധികൃതർ വിശദീകരണം നൽകി.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനുകളിൽ നിന്ന് സമീപ കാലത്ത് പ്രവാസികൾ നേരിടുന്നത് സമാനതകൾ ഇല്ലാത്ത പ്രയാസങ്ങളാണ്. രാജ്യത്ത് ലാഭകരമായി പ്രവർത്തിക്കുന്ന ഏക വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ജി.സി.സിയിലേക്കാണ്. ഇപ്പോഴും തുടരുന്ന ഇടക്കിടെയുള്ള സർവീസ് കാൻസലുകൾ അടക്കം യാത്രക്കാരെ പ്രയാസപ്പെടുത്തുന്ന കമ്പനിയുടെ നടപടികളിൽ കേന്ദ്ര മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു.
വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിച്ചിരുന്ന നാല് അന്തരാഷ്ട്ര സർവീസുകളും രണ്ട് ആഭ്യന്തര സർവീസുകളും അടക്കം എയർ ഇന്ത്യയുടെ കോഴിക്കോട് നിന്നുള്ള മുഴുവൻ സർവീസുകളും ന്യായമായ കാരണം കൂടാതെ പിൻവലിച്ചതടക്കം കമ്പനി കോഴിക്കോട് വിമാനത്താവളത്തോടും താങ്ങായി നിൽക്കുന്ന പ്രവാസികളോടും കാണിക്കുന്ന സമീപനങ്ങളിൽ കേന്ദ്ര മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും ഗൗരവകരമായ ഇടപെടൽ ആവശ്യമാണെന്ന് ധരിപ്പിച്ചു.
ഇക്കാര്യത്തിൽ കമ്പനിയോട് വിശദീകരണം തേടി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി മറുപടി നൽകി.
അനിശ്ചിതമായി തുടരുന്ന വിമാനത്താവളത്തിന്റെ സമഗ്ര വികസന കാര്യത്തിൽ മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു. നിലവിൽ തിരക്കേറിയ സമയങ്ങളിൽ ഏപ്രണിൽ വിമാനങ്ങൾക്കുള്ള പാർക്കിംഗ് ബേകൾ പോലും ഫുൾ ആകുന്നതിനാൽ ഹ്രസ്വകാല ദീർഘകാല വികസനം യാഥാർഥ്യമാക്കാൻ മന്തിയുടെ ഇടപെടൽ അനിവാര്യമാണെന്നും റൺവേ നീളം വർദ്ധിപ്പിക്കുന്നത് അടക്കം നേരത്തെ അതോറിറ്റിക്ക് സമർപ്പിച്ച ബദൽ മാസ്റ്റർപ്ലാനിന്റെ സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
മുഴുവൻ വിഷയങ്ങളും സമഗ്രമായി പരിശോധിച്ച് മറുപടി നൽകാമെന്നും വികസന കാര്യത്തിൽ ഇടപെടൽ ഉറപ്പ് നൽകുന്നതായും മന്ത്രി മറുപടി നൽകി.