കാസർകോട്: കാസർകോട് അടുക്കത്ത്ബയൽ മുഹമ്മദ് ഹാജി വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാല് ആർഎസ്എസുകാർക്കും ജീവപര്യന്തം കഠിനതടവ്. ബിലാൽ മസ്‌ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജി(56) യെകൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷനൽ ആന്റ് ജില്ലാ കോടതി രണ്ട് ജഡ്‌ജി കെ പ്രിയ ശിക്ഷ വിധിച്ചത്. കുഡ്യുലു ഗുസ്സേ ടെംപിൾ റോഡിലെ സന്തോഷ് നായ്ക് എന്ന ബജെ സന്തോഷ്(37), താളിപ്പടുപ്പിലെ ശിവപ്രസാദ് എന്ന ശിവൻ(41), അയ്യപ്പനഗറിലെ കെ അജിത്കുമാർ എന്ന അജ്ജു(36), അടുക്കത്ത്ബയൽ ഉസ്‌മാൻ ക്വാർട്ടേഴ്സിൽ കെ ജി കിഷോർകുമാർ എന്ന കിഷോർ (40) എന്നിവരെയാണ് ശിക്ഷിച്ചത്. ഇതിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. ഇക്കഴിഞ്ഞ 24നാണ് കോടതി നാലുപേർ കുറ്റക്കാരെന്ന് കണ്ടെത്തുകയും മൂന്നുപേരെ വെറുതെവിടുകയും ചെയ്‌തത്. എന്നാൽ, സംഭവസമയം തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് മൂന്നാംപ്രതി അജിത്കുമാർ കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്നാണ് ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ, മൂന്നാംപ്രതിയുടെ ഈ വാദവും കോടതി ഇന്ന് തള്ളി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
2008 ഏപ്രിൽ 18നാണ് കേസിനാസ്‌പദമായ സംഭവം. വെള്ളിയാഴ്ച്ച ജുമുഅയ്ക്ക് നമസ്കാരത്തിനായി പള്ളിയിലേക്ക് പോവുന്നതിനിടെയാണ് അടുക്കത്ത്ബയൽ ബിലാൽ മസ്‌ജിദിനു സമീപത്തെ സി എ മുഹമ്മദ് ഹാജി(56)യെ ഒരുസംഘം സംഘപരിവാർ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. ഇപ്പോഴത്തെ കാസർകോട് അഡീഷനൽ എസ്‌പിയാ അന്നത്തെ വെള്ളരിക്കുണ്ട് പോലിസ് ഇൻസ്പെക്ടർ പി ബാലകൃഷ്‌ണൻ നായരാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസർകോട് ജില്ലയിൽ വർഗീയ സംഘർഷം ലക്ഷ്യമിട്ടാണ് സംഘപരിവാർ പ്രവർത്തകർ കൊലപാതകം നടത്തിയത്.
2008 ഏപ്രിൽ മാസത്തിൽ നടന്ന കൊലപാതക പരമ്പരയിൽപെട്ട കേസാണിത്. 2008 ഏപ്രിൽ 14ന് സന്ദീപ് എന്ന യുവാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ മൂന്നു കൊലപാതകങ്ങളാണ് കാസർകോട്ട് അരങ്ങേറിയത്. സന്ദീപ് കൊലക്കേസിലെ പ്രതികളെകുറ്റക്കാരല്ലെന്നു കണ്ടെത്തി നേരത്തേ വെറുതെ വിട്ടിരുന്നു. സന്ദീപിനു പിന്നാലെ 2008 ഏപ്രിൽ 16ന് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാൻ ആനബാഗിലു ദേശീയ പാതയിലെ അണ്ടർ ബ്രിഡ്‌ജിനു സമീപത്തു കുത്തേറ്റു മരിച്ചു. ഒരു സംഘം ബൈക്ക് തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. സിനാൻ കൊലക്കേസിനു പിന്നാലെയാണ് അഭിഭാഷകനായ പി സുഹാസ് കുത്തേറ്റ് മരിച്ചത്. ഈ കേസ് തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. സി എ മുഹമ്മദ് ഹാജി കൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി കെ ശ്രീധരൻ, അഡ്വ. കെ പി പ്രദീപ് കുമാർ എന്നിവരാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. ദൃക്സാക്ഷിയായ, കൊല്ലപ്പെട്ട സി എ മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, വഴി യാത്രക്കാരൻ എന്നിവരുടെ മൊഴികളാണ് കേസിൽ നിർണായകമായത്. കേസിന്റെ തുടക്കത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ ഗോവ ഗവർണറുമായ അഡ്വ. പി എസ് ശ്രീധരൻ പിള്ളയാണ് പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നത്. ഗവർണറായി നിയമിതനായ ശേഷം ശ്രീധരൻപിള്ളയുടെ ജൂനിയറാണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്.