ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെത്തി. മലപ്പുറം മമ്ബാട് കാട്ടുപൊയിലിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
പിവിസി പൈപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാളുകൾ.
ആളൊഴിഞ്ഞ പറമ്പിൽ കളിക്കാൻ മൈതാനം ഉണ്ടാക്കുന്നതിനായി കുട്ടികൾ തുമ്പ കൊണ്ട് കിളച്ചപ്പോൾ പിവിസി പൈപ്പിൽ തട്ടുകയായിരുന്നു. പിന്നാലെ പൈപ്പ് പുറത്തെടുത്ത് തുറന്നുനോക്കിയപ്പോഴാണ് വടിവാളുകൾ കണ്ടെടുത്തത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുരുമ്പെടുത്ത നിലയിലായിരുന്നു വാളുകൾ. നാല് വർഷമെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. 58 സെന്റിമീറ്റർവരെയായിരുന്നു നീളം. വാളുകൾ എല്ലാം മുൻപ് ഉപയോഗിച്ചവയാണെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് വാളുകൾ കസ്റ്റഡിയിലെടുത്തു. നിലമ്ബൂർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം, വിരലടയാള വിദഗ്ദ്ധർ, ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.