കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വര്‍ക്കല: അയിരൂരില്‍ മകള്‍ പുറത്താക്കി ഗേറ്റ് പൂട്ടിയതിനെത്തുടര്‍ന്ന് വഴിയാധാരമായ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തി. ഇതുസംബന്ധിച്ച സബ് കളക്ടറുടെ ഉത്തരവ് വൃദ്ധദമ്പതികള്‍ക്ക് ലഭിച്ചതോടെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ശനിയാഴ്ച താക്കോല്‍ വാങ്ങി വീടിനുള്ളില്‍ കയറിയെങ്കിലും അവിടെ താമസം തുടരുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അയിരൂര്‍ പോലീസിന് ലഭിച്ച സബ് കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പുമായി സമൂഹികനീതി ഓഫീസര്‍ അയിരൂരിലെ വൃന്ദാവനം വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചു.
മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരും വൃദ്ധദമ്പതികളെ കണ്ട് നിജസ്ഥിതികള്‍ ചോദിച്ചറിഞ്ഞു. കളക്ടറുടെ ഉത്തരവില്‍ പറയുന്ന വിശദാംശങ്ങള്‍ വൃദ്ധദമ്പതികളെ പറഞ്ഞ് മനസ്സിലാക്കി. മാതാപിതാക്കള്‍ നിലവില്‍ താമസിച്ചുകൊണ്ടിരിക്കുന്ന ആയിരൂര്‍ വൃന്ദാവനം വീട്ടില്‍ തുടര്‍ന്നും താമസിക്കാമെന്നും ഇവരുടെ ജീവിതത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
കൂടാതെ എല്ലാ മാസവും പത്താം തീയതിക്ക് മുന്‍പായി 10,000 രൂപ മൂന്നു മക്കളും തുല്യമായിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ചെലവാകുന്ന തുക മക്കള്‍ മൂന്നു പേരും തുല്യമായി ലഭ്യമാക്കി സംരക്ഷണവും ക്ഷേമവും ഉറപ്പാക്കണം. ശാരീരികമായോ മാനസികമായോ ഉപദ്രവിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്.