നഴ്സിം​ഗ് വിദ്യാർത്ഥികളെ ന​ഗ്നരാക്കി നിർത്തിയ ശേഷം സ്വകാര്യ ഭാ​ഗങ്ങളിൽ കോംപസ് പ്രയോ​ഗം; മുറിവിൽ ലോഷൻ തേച്ച് രസിക്കും; അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി

 

കോട്ടയം: ​ഗാന്ധിന​ഗർ ഗവ. നഴ്സിങ് കോളജിൽ‌ ഒന്നാം വർഷ വിദ്യാർത്ഥികളെ റാ​ഗിങ്ങിനിരയാക്കിയ അഞ്ചുപേർ അറസ്റ്റിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കും.

 

അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് ഇവർക്കെതിരെ കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാം വർഷ വിദ്യാർഥികളായ അഞ്ചു പേരെ പൊലീസ് പിടികൂടിയത്.

 

മൂന്നു മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി. വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു.

 

കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തതു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *