മൂക്കിലും തലയിലും ചതവ്; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍വൃക്ക സംബന്ധമായ ഗുരുതര രോഗങ്ങളുണ്ടായിരുന്നു. ഹൃദയധമനികള്‍ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലില്‍ ഗുരുതരമായ നിലയില്‍ അള്‍സറുണ്ടായിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ മാസം ഗോപന്റെ സമാധി സംബന്ധിച്ചു വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ അസ്വഭാവികത ഒന്നും ഇല്ലെന്നു കണ്ടെത്തിയിരുന്നു. മരണകാരണം സംബന്ധിച്ച വ്യക്തതയ്ക്കാണു കൂടുതല്‍ പരിശോധന നടത്തിയത്.