കൂട്ടക്കൊല; പെൺസുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ വീട്ടുകാർ എതിർത്തുവെന്ന് പ്രതി

 

പേരുമനയിലെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഫർസാനയെ വീട്ടിലേക്ക് കൊണ്ടുവന്നത്

 

തിരുവനന്തപുരം: പെൺസുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടു വന്നതിനെ കുടുംബാംഗങ്ങൾ എതിർത്തുവെന്ന് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. പേരുമനയിലെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഫർസാനയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഫർസാന ട്യൂഷനെന്ന പേരിൽ അഫാന്‍റെ വീട്ടിലേക്ക് വരുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ ആറ്റിങ്ങല്‍ ഡിവൈഎസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് വരികയാണ്. ഫര്‍സാനയെ അഫാന്‍ വിളിച്ചിറക്കി കൊണ്ടുവന്നതില്‍ വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നെന്നാണ് സൂചന. തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു.

 

അഫാന്‍ പിതാവിന്‍റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിങ് വിസയില്‍ വിദേശത്തു പോയ പ്രതി നാട്ടില്‍ വന്ന ശേഷമാണ് പെണ്‍കുട്ടിയെ വിളിച്ചിറക്കിയത്. പ്രതിയുടെ അമ്മ ക്യാന്‍സര്‍ ബാധിതയാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്നാണ് നിഗമനം. എല്ലാവർക്കും തലയ്ക്കാണ് പരിക്കേറ്റത്. കേവലം 2 മണിക്കൂറിനിടെയാണ് 3 വീടുകളിലെ 6 പേരെ അഫാൻ ആക്രമിച്ചത്. സാമ്പത്തിക പ്രശ്നമാണു കൊലയ്ക്കു കാരണമെന്നു പ്രതി പറയുന്നുണ്ടെങ്കിലും പൊലീസ് കാര്യമായി എടുത്തിട്ടില്ല.

 

പ്രതിയുടെ ആക്രമണത്തില്‍ മാതാവ് ഷമിക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊലയ്ക്കു ശേഷം വീട്ടിലെ ഗ്യാസ് അഫാന്‍ തുറന്നിട്ടിരുന്നു. ഫയര്‍ ആൻഡ് റെസ്ക്യൂ ഫോഴ്‌സിന്‍റെ സഹായത്തോടെ അത് നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *