കോഴിക്കോട് : രാസലഹരിയുടെ ഹബ്ബായി മാറുന്നു?. പൊലീസും എക്സൈസും രാപ്പകൽ ശ്രമിച്ചിട്ടും രാസലഹരിയുടെ കണ്ണികൾ അറുത്തുമാറ്റാൻ കഴിയുന്നില്ല. 2025 തുടങ്ങി രണ്ട് മാസത്തിനിടെ കോഴിക്കോട് നഗര പരിധിയിൽ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയത് 1.89 കിലോ എം.ഡി.എം.എയാണ്. അര ഗ്രാം പോലും കെെവശം സൂക്ഷിക്കാൻ പാടില്ലാത്ത മാരക ലഹരി മരുന്നാണ് കിലോക്കണക്കിന് ഒഴുകുന്നത്. പിടികൂടിയത് ഇത്രയുമാണെങ്കിൽ പിടികൂടാതെ പോകുന്ന ലഹരിവസ്തുക്കൾ എത്രയായിരിക്കുമെന്നത് ആശങ്കയുയർത്തുകയാണ്. രാസലഹരിക്ക് അടിമപ്പെട്ടവർ അക്രമാസക്തരാകുന്ന സാഹചര്യം ഏറി വരികയാണ്. ജില്ലയിലുടനീളം മിന്നൽ പരിശോധന ഉൾപ്പെടെ നടത്തിയിട്ടും ദിനംപ്രതി ലഹരി വസ്തുക്കളുമായി ആളുകൾ പിടിയിലാവുന്നത് എക്സെെസിനെയും പൊലീസിനെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. ഡാൻസാഫിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ഡി – ഹണ്ട് എന്ന പേരിൽ ജില്ലയിലുടനീളം പരിശോധനകൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എക്സെെസ് വകുപ്പ് സംസ്ഥാന വ്യാപകമായി ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രെെവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത് നാലുപേരെയാണ്. രാസലഹരിയും കഞ്ചാവും മാത്രമല്ല വിദേശ മദ്യവും ജില്ലയിലേക്ക് ഒഴുകുകയാണ്.
പിടിക്കപെടാതിരിക്കാനായി എം.ഡി.എം.എ, മെത്താഫിറ്റമിൻ തുടങ്ങിയ ലഹരിവസ്തുക്കൾ ചെറിയ അളവിലാണ് മയക്കുമരുന്ന് സംഘം കെെയിൽ കരുതുന്നതും കടത്തുന്നതും. പ്രധാനമായും ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് കേരളത്തിലേക്ക് ലഹരി കടത്തുന്നത്.
സിനിമ തിയറ്റർ, ടർഫുകൾ തുടങ്ങി യുവാക്കൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപന സജീവമാക്കുന്നത്. പല കേസുകളിൽപെട്ട് ജാമ്യത്തിലിറങ്ങുന്നവരെയാണ് മയക്കുമരുന്ന് മാഫിയകൾ പ്രധാന കാരിയർമാരായി ഉപയോഗിക്കുന്നത്. ഇക്കൂട്ടത്തിൽ സ്ത്രീകളുമുണ്ടെന്ന് എക്സെെസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ലഹരി വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് ഉടൻ തന്നെ എക്സെെസ് വകുപ്പുമായി ഫോൺകോൾ വഴിയോ, വാട്സ് ആപ്പ് വഴിയോ ബന്ധപ്പെടാം.
കണട്രോൾ റൂം നമ്പർ : 0495 – 2327927
അസി. എക്സെെസ് കമ്മിഷണർ : 9496002871









