തരൂരിന്‍റെ പ്രശംസ കോൺഗ്രസിന് പുതു തലവേദന

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സതീശൻ കണക്കുകൾ നിരത്തിയിട്ടും ലേഖനത്തിൽ പറഞ്ഞതൊന്നും തിരുത്താൻ തരൂർ തയ്യാറായില്ല. എന്നാൽ, സർക്കാരിന്‍റെ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടി

 

 

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പം തിരുവനന്തപുരം എംപി ഡോ. ശശി തരൂർ സെൽഫിയെടുത്ത ശേഷം കുറിച്ച വാചകങ്ങൾ കോൺഗ്രസിന് പുതിയ തലവേദന.

 

“ഈ അസാധാരണ നീക്കം രാഷ്‌ട്രീയ വ്യത്യാസങ്ങൾക്കപ്പുറം വികസനത്തിനു വേണ്ടിയുള്ള സംയുക്ത ശ്രമങ്ങൾക്കുള്ള ശുഭസൂചനയാണ്’ എന്നാണ് ശശി തരൂർ “എക്സി’ൽ കുറിച്ചത്.

 

പ്രശ്‌നങ്ങളെ രാഷ്‌ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‍റെ ഭാഗമായി ഗവർണർ കേരളത്തിൽനിന്നുള്ള എംപിമാരുടെ യോഗം കേരള ഹൗസിൽ വിളിച്ചുകൂട്ടിയിരുന്നു. രാഷ്‌ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്‌ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്ന് ആ യോഗത്തിൽ ഗവർണർ അഭ്യർഥിച്ചു. കേരളത്തിന്‍റെ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു

 

ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്നുമായിരുന്നു യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവര്‍ണര്‍ ഒരുക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഒഴികെയുള്ള കേരള എംപിമാർ വിരുന്നിൽ പങ്കെടുത്തിരുന്നു. അതിന്‍റെ ചിത്രങ്ങൾ പങ്കുവച്ചാണ് ശശി തരൂരിന്‍റെ പ്രതികരണം.

 

വ്യവസായ-സ്റ്റാർട്ടപ് മേഖലകളിലെ സംസ്ഥാനത്തിന്‍റെ പുരോഗതികളെ വാഴ്ത്തി ലേഖനമെഴുതിയ ശശി തരൂരിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തിലാണ് പോർമുഖം തുറന്നത്. സതീശൻ കണക്കുകൾ നിരത്തിയിട്ടും ലേഖനത്തിൽ പറഞ്ഞതൊന്നും തിരുത്താൻ തരൂർ തയ്യാറായില്ല. എന്നാൽ, സർക്കാരിന്‍റെ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടി. അതിനു ശേഷമാണിപ്പോൾ മുഖ്യമന്ത്രിയും ഗവർണറുമായുള്ള സെൽഫി പങ്കുവച്ചുള്ള ശശി തരൂരിന്‍റെ പ്രതികരണം.

 

ബുധനാഴ്ച രാവിലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ പ്രാതല്‍ വിരുന്നിലും കൂടിക്കാഴ്ചയിലും സന്നിഹതനായ ഗവർണർ ആര്‍ലേക്കർ മുന്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ നയ സമീപനമാണ് തനിക്കെന്ന് വ്യക്തമാക്കിയത് സർക്കാരിനും ആശ്വാസമായിട്ടുണ്ട്. എന്നാൽ അതെത്ര നാളെന്ന് സിപിഎം വൃത്തങ്ങൾക്കും സംശയമുണ്ട്. അതുകൊണ്ടു തന്നെ അവരും ഗവർണർ സ്വീകരിച്ച നിലപാടിനെ പരസ്യമായി സ്വാഗതം ചെയ്തിട്ടില്ല. മുൻ ഗവർണറും മുഖ്യമന്ത്രിയുമായി തുടക്കത്തിൽ നല്ല ബന്ധമായിരുന്ന അനുഭവം അവരുടെ മുന്നിലുണ്ട്.

 

അതിനിടയിലാണ് ശശി തരൂരിന്‍റെ പരസ്യ നിലപാട്. “ഇത് എടുത്തുചാട്ടമല്ലേ ‘എന്ന് ചില കോൺഗ്രസ് നേതാക്കൾ രഹസ്യമായി അഭിപ്രായം പറയുമ്പോഴും പരസ്യമായി പ്രതികരിക്കാൻ സന്നദ്ധമായിട്ടില്ല. നിഷ്പക്ഷമായി തരൂർ നടത്തുന്ന തുറന്നുപറച്ചിലുകൾ കോൺഗ്രസിന് എക്കാലത്തും തലവേദനയാണെന്നാണ് ഈ നേതാക്കളുടെ നിലപാട്. തരൂരിന്‍റെ പ്രതികരണം വന്ന അതേദിവസമാണ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് ചടങ്ങിൽ സിപിഎം നേതാവായ മുൻ മന്ത്രി ജി. സുധാകരൻ ‘വിശ്വപൗരനെ’ന്നു വിശേഷിപ്പിക്കുന്ന തരൂരിനെതിരേ ഒളിയമ്പെയ്തത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *