കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് മിഠായികളുടെ ഉപയോഗം വർദ്ധിക്കുന്നു. വയനാട് ബത്തേരിയിൽ കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഓൺലൈൻ ട്രേഡിംഗ് ആപ്പുവഴിയാണ് കഞ്ചാവ് മിഠായി വാങ്ങിയതെന്നും ഇത്തരത്തിൽ വാങ്ങിയ മിഠായി കഴിഞ്ഞ മൂന്നുമാസമായി മറ്റുവിദ്യാർത്ഥികൾക്കിടയിൽ വിറ്റിരുന്നു എന്നും പിടിയിലായ വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾ പലയിടങ്ങളിലും അസാധാരണമായി കൂടിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണമാണ് വിദ്യാർത്ഥിയെ പിടകൂടുന്നതിലേക്ക് എത്തിയത്. മുപ്പതുരൂപയാണ് ഒരുപാക്കറ്റ് മിഠായിക്ക് വിദ്യാർത്ഥി ഈടാക്കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കുറഞ്ഞ അളവിലാണ് മിഠായിയിൽ കഞ്ചാവ് ഉള്ളതെന്നാണ് കരുതുന്നത്. ഇത് സ്ഥിരീകരിക്കാനായി പിടിച്ചെടുത്ത മിഠായി കൂടുതൽ പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്.
ലഹരി മിഠായികൾ കേരളത്തിൽ പലയിടത്തും പ്രചരിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് പൊലീസും എക്സൈസും ശക്തമായ നിരീക്ഷണവും നടത്തിയിരുന്നു. ഇപ്പോൾ പിടിച്ചെടുത്ത മിഠായികളിൽ ചെറിയ അളവിൽ മാത്രമാണ് കഞ്ചാവ് ഉള്ളതെങ്കിലും ഇവയുടെ നിരന്തര ഉപയോഗം കൂടിയ അളവിൽ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗത്തിലേക്ക് തിരിയാൻ പ്രേരകമാകും എന്നാണ് വിദഗ്‌ധർ പറയുന്നത്.
ഓൺലൈൻ ട്രേഡിംഗ് ആപ്പുവഴി ആർക്കും എളുപ്പത്തിൽ ഇത്തരം മിഠായികൾ വാങ്ങാമെന്നതും കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സംശയം തോന്നാത്ത രീതിയിൽ എവിടെവച്ചും ഉപയോഗിക്കാം എന്നതും ഇത്തരം മിഠായികൾക്ക് പ്രചാരം വർദ്ധിപ്പിക്കുന്നു.