കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ലഹരിമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി വ്യാപകമായ പരിശോധനകളടക്കമുള്ള നടപടികൾ പൊലീസടക്കം കർശനമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികളെ വലയിലാക്കാൻ ലക്ഷ്യമിട്ടുള്ള ലഹരിമരുന്നു സംഘത്തിന്റെ ശ്രമങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, മയക്കുമരുന്നു കലർന്ന പാനീയങ്ങൾ എന്നിവയുമായാണ് സംഘങ്ങൾ കുട്ടികളെ വലയിലാക്കുന്നത്. ബസ് സ്റ്റാന്റുകൾ, മറ്റ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമാണ് ഇത്തരം സംഘങ്ങൾ പെൺകുട്ടികൾ അടക്കമുള്ളവരെ പിന്തുടരുന്നത്.
നടന്നു പോകുന്ന, സൈക്കിളിൽ പോകുന്ന, പൊതു ഗതാഗതം ഉപയോഗിക്കുന്ന വിദ്യാർഥികളെയാണ് ഇവർ കെണിയിലാക്കാൻ നോക്കുന്നത്. തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു മറയായും വിദ്യാർഥികളെ സംഘം ഉപയോഗപ്പെടുത്തുന്നു. കോട്ടയം മണർകാട്ട് നാല് വയസുള്ള ഒരു ആൺകുട്ടി സ്കൂളിൽ വച്ച് ലഹരി ചേർത്ത ചോക്ലേറ്റ് കഴിച്ചതായി റിപ്പോർട്ട് ചെയ്തതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം പുറത്തറിയുന്നത്.
കൊച്ചിയിലെ ഒരു റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അവരുടെ അപ്പാർട്ട്മെന്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിൽ അപ്പാർട്ട്മെന്റിലെ ആറാം ക്ലാസ് വിദ്യാർഥി ഇത്തരമൊരു കെണിയിൽപ്പെട്ടത് വിശദീകരിക്കുന്നുണ്ട്. സൈക്കിളിൽ സ്കൂളിലേക്ക് പോകുകയായിരുന്നു ഒരു ആൺകുട്ടിക്ക് എസ്ആർഎം റോഡിനു സമീപത്തു വച്ച് ബൈക്കിൽ എത്തിയ ടീഷർട്ട് ധരിച്ച രണ്ട് യുവാക്കൾ ചോക്ലേറ്റ് സമ്മാനിച്ചു. എന്നാൽ കുട്ടി ഇതു വാങ്ങാൻ തയ്യാറായില്ല.
അപരിചിതരിൽ നിന്നു ഒന്നും വാങ്ങരുതെന്നു മാതാപിതാക്കൾ പറഞ്ഞുവെന്നു വ്യക്തമാക്കിയാണ് അവൻ ചോക്ലേറ്റ് വാങ്ങാൻ തയ്യാറാകാതിരുന്നത്. സംഭവം വിട്ടു കളയുന്നതിനു പകരം വിദ്യാർഥി അധ്യാപകരേയും മാതാപിതാക്കളേയും അറിയിച്ചു. വിഷയം തങ്ങളുടെ ശ്രദ്ധയിലും വന്നു. ആ വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമം തങ്ങളും നടത്തുന്നതായി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വ്യക്തമാക്കി.
വിദ്യാർഥികൾ, പൊലീസ്, രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ അധികാരികൾ എന്നിവരെല്ലാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ‘ഉറപ്പ് @ സ്കൂൾ’ എന്ന പരിപാടി ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികളിലൂടെയും പരിശോധനകളിലൂടെയും എറണാകുളം റൂറൽ പൊലീസ് നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.