തിരുവനന്തപുരം: മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലണ് സംഭവം. കാപ്പ ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗുണ്ട മുഹമ്മദ് റയിസാണ് അറസ്റ്റിലായത്. പോലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് എടുത്തുചാടി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു.,
എന്നാൽ കാര്യമായ പരിക്കേൽക്കാതെ തന്നെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ വീടിന് കുറച്ച് അകലെയായിട്ടാണ് പെണ്‍കുട്ടിയുടെ വീട്. സ്കൂള്‍ വിട്ടുവരുന്നതിനിടെ പെണ്‍കുട്ടിക്ക് പ്രതി ലഹരിയടങ്ങിയ മിഠായി നൽകിയിരുന്നു. പെണ്‍കുട്ടി പതിവായി ഈ മിഠായി കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാര്‍ക്ക് സംശയം തോന്നി. മിഠായി കിട്ടാത്ത സമയത്ത് കുട്ടി വല്ലാത്ത മാനസികാവസ്ഥ കാണിക്കാൻ തുടങ്ങിയതോടെ വീട്ടുകാര്‍ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ലൈംഗിക പീഡന വിവരം പുറത്തുവരുന്നത്. പലതവണ പെണ്‍കുട്ടിയെ ലഹരി നൽകി യുവാവ് പീഡിപ്പിച്ചതായാണ് മൊഴി. തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വൈകുന്നേരത്തോടെ പൂജപ്പുര പോലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.