”ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളര്‍ന്നുകൊണ്ടിരിക്കും” എന്ന അടിക്കുറിപ്പോടെ ചിലര്‍ ചിത്രം വാട്സാപ് സ്റ്റാറ്റസ് ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ചത്”
തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളിലെ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോര്‍ട്ടില്‍ നടന്നു. ജനുവരി 17നു രാത്രിയിലാണു 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസി.പ്രിസണ്‍ ഓഫിസര്‍മാരും യോഗം ചേര്‍ന്നത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയില്‍, സ്പെഷല്‍ സബ് ജയില്‍, വിയ്യൂര്‍ അതീവസുരക്ഷാ ജയില്‍, പാലാ സബ് ജയില്‍, എറണാകുളം ബോസ്റ്റല്‍ സ്കൂള്‍ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്. ”ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളര്‍ന്നുകൊണ്ടിരിക്കും” എന്ന അടിക്കുറിപ്പോടെ ചിലര്‍ ചിത്രം വാട്സാപ് സ്റ്റാറ്റസ് ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ചത്. ഉദ്യോഗസ്ഥരെയും തടവുകാരെയും സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടു ചേര്‍ന്ന യോഗത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്തെങ്കിലും അന്വേഷണം നടത്തിയില്ല. പകരം ഉദ്യോഗസ്ഥരെ വെറുതെ സ്ഥലം മാറ്റി. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണു യോഗത്തില്‍ പങ്കെടുത്ത 18 പേരെ സ്ഥലംമാറ്റിയത്. ഇവര്‍ക്കെതിരായ നടപടി ഒഴിവാക്കാന്‍ ബിജെപി ഉന്നതന് ഇടപെട്ടെന്നാണു വിവരം
കേരളത്തിലെ ജയിലുകളില്‍ ബിജെപിയുടെ ഭാഗമായ 250ല്‍ ഏറെ ക്രിമിനലുകളുണ്ട്. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കലും എതിരാളികളെ ഒതുക്കലുമാണ് ലക്ഷ്യമെന്നുമാണ് സൂചന. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യം അഞ്ച് പേരെ തിരുവനന്തപുരം സോണില്‍നിന്നു കണ്ണൂര്‍ സോണിലേക്കു മാറ്റിയപ്പോള്‍ ബിജെപി നേതൃത്വത്തിന്റെ ഇടപെടലുണ്ടായെന്നാണു വിവരം. തുടര്‍ന്ന് ഇവര്‍ക്ക് സൗകര്യപ്രദമായ പോസ്റ്റിങ് ലഭിച്ചു. പൊലീസ് സേനയില്‍ ആര്‍എസ്എസ് സംഘം പ്രവര്‍ത്തിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നേരത്തെ മുതലെ വെളിപ്പെട്ടിരുന്നു. പക്ഷേ, സിപിഎം, സിപിഐ നേതൃത്വം ഈ വാദത്തെ അംഗീകരിച്ചിരുന്നില്ല.









