മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാവി വികസനത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രപ്പോസൽ സമർപ്പിച്ച് എയർപോർട്ട് അതോറിറ്റി. ഭാവിയിൽ റൺവേയുടെ നീളം 2,700 മീറ്ററിൽ നിന്ന് 3,700 മീറ്ററാക്കി വർദ്ധിപ്പിക്കേണ്ടി വരുമെന്നത് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കാണ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചിട്ടുള്ളത്. അടുത്ത 20 വർഷത്തേക്കുള്ള കരിപ്പൂരിന്റെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് എയർപോർട്ട് അതോറിറ്റി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള ഭൂമി ഏറ്റെടുക്കലിന്റെ സാദ്ധ്യത പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ വിമാനത്താവളം ഭൂമിയേറ്റെടുക്കൽ സ്‌പെഷൽ ഡെപ്യൂട്ടി കളക്ടർക്ക് (ലാന്റ് റവന്യൂ) സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി സംയുക്ത സ്ഥല പരിശോധനയ്ക്കും തീരുമാനമായി.
വിമാനത്താവളം റെസ വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോൾ അടഞ്ഞുപോയ എയർപോർട്ട് ക്രോസ് റോഡിന് പകരം പുതിയ റോഡിന് സ്ഥലം ഏറ്റെടുത്ത്, നിർമ്മിക്കുന്ന പ്രവൃത്തികൾക്ക് വേഗം പോരാത്തത് നാട്ടുകാരുടെ യാത്രാ ദുരിതം വർദ്ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ എട്ട് മീറ്റർ വീതിയിൽ പൊതുമരാമത്ത് റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം അളന്ന് സ്‌കെച്ച് സഹിതം ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 19ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ (റോഡ്സ്) സ്ഥല പരിശോധന നടത്തിയെങ്കിലും തുടർനടപടികളായിട്ടില്ല.