വേങ്ങര : ചുള്ളിപ്പറമ്പ് പെൺകുട്ടി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ മലപ്പുറം വനിതാ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ അന്വേഷണത്തിൻ്റെ പുരോഗതിയും കോടതിയെ ബോധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ഒരാഴ്ച്‌ചക്കകം സമർപ്പിക്കാനാണ് കോടതി ഉത്തരവ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അതേസമയം നവവധുവിന് ഭർതൃവീട്ടിൽ നിന്നുണ്ടായ ക്രൂര മർദ്ദനത്തിൽ പൊലീസിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പരാതിയിൽ നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് ആദ്യം കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിന് ശേഷമാണ് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ കേസിൽ ചേർത്തത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പിടികൂടാനും പൊലീസിന് കഴിഞ്ഞിട്ടില്ല.
ഭർത്താവ് മുഹമ്മദ് ഫായിസിന്റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെൺകുട്ടി മെയ് മാസം 23 നാണ് മലപ്പുറം വനിതാ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ ഗാർഹിക പീഡനം, ഉപദ്രവം, വിശ്വാസം തകർക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചയ്ക്ക് ശേഷം മെയ് 28 ന് പെൺകുട്ടി മലപ്പുറം എസ് പിക്ക് പരാതി നൽകി. എസ് പിയുടെ നിർദ്ദേശ പ്രകാരം കേസിൽ വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ വകുപ്പുകൾ കൂടി ചേർത്തു. ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി. സീനത്ത് ഹൈക്കോടതിയിൽ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി. ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവിൽ പോയി. ഫായിസ് വിദേശത്ത് കടന്നതായും സംശയമുണ്ട്.
മർദ്ദനത്തിന് പുറമേ വനിതാ കമ്മീഷൻ അദാലത്തിൽ പറഞ്ഞ പ്രകൃതി വിരുദ്ധ പീഡനമെന്ന പരാതിയിലും പൊലീസ് മെഡിക്കൽ പരിശോധന നടത്തിയില്ല. തുടക്കം മുതൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പെൺകുട്ടിക്കും വീട്ടുകാർക്കും പരാതിയുണ്ട്. പൊലീസിൽ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.