ബ്രിഡ് കഞ്ചാവ്: ഒരാള്‍കൂടി പിടിയില്‍; ബാങ്കോക്കില്‍ നിന്ന് എത്തിച്ചത് പലതവണ, തകൃതിയായി വ്യാജചികിത്സയും

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മലപ്പുറം കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.

 

വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങള്‍ (38) ആണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

 

ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്കും ഇവിടെനിന്ന് പുറത്തേക്കുമെത്തിക്കുന്ന കാരിയറാണ് സെയ്ദ് ഹുസൈൻ കോയ തങ്ങള്‍. ബാങ്കോക്കില്‍നിന്ന് ഇന്ത്യയിലേക്കും ഇവിടെനിന്ന് വിദേശരാജ്യങ്ങളിലേക്കും നിരവധി തവണ ലഹരിവസ്തുക്കള്‍ കടത്തിയതിന് തെളിവുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. ഈ വർഷം പത്തിലധികം തവണ ഇയാള്‍ ബാങ്കോക്കില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിട്ടുണ്ട്. മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങള്‍ വഴിയാണ് കള്ളക്കടത്ത് നടത്തുന്നത്. ഇവിടെനിന്ന് ഖത്തർ, ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചുനല്‍കുന്നു. ഇതിന് മറ്റു കാരിയർമാരെയും ഉപയോഗപ്പെടുത്തുന്നു.

 

ഓരോ യാത്രയിലും 50 ലക്ഷത്തിന്റെ ലഹരിമരുന്നാണ് ഇയാള്‍ കടത്തുന്നത്. ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നു. സ്വർണക്കടത്തിലും ഇയാള്‍ കാരിയറായി പ്രവർത്തിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട് ഗൂഡല്ലൂർ പാടന്തറയില്‍ താമസിച്ചുവരുന്ന ഹുസൈൻ കോയ തങ്ങള്‍ വ്യാജ ചികിത്സ നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

 

ഒരാഴ്ച മുൻപ് കരിപ്പൂർ വിമാനത്താവളപരിസരത്തെ ലോഡ്ജില്‍നിന്ന് കണ്ണൂർ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം വിലവരുന്ന ഹൈബ്രിഡ് ലഹരിമരുന്നായ തായ് ഗോള്‍ഡുമായി പിടികൂടിയ കേസിലാണ് ഹുസൈൻ കോയ തങ്ങള്‍ അറസ്റ്റിലായത്. വയനാട് സ്വദേശി ബെന്നി, സംഘത്തലവൻ കണ്ണഫാത്തിമ്മാസ് വീട്ടില്‍ മുഹമ്മദ് റാഷിദ് (24) എന്നിവരാണ് പിടിയിലായ മറ്റു മൂന്നുപേർ. ജില്ലാ പോലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. എ.എം. സിദ്ദിഖ്, കരിപ്പൂർ ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘാംഗങ്ങളും കരിപ്പൂർ പോലീസും ചേർന്നാണ് ഹുസൈൻ കോയ തങ്ങളെ വിമാനത്താവളപരിസരത്തുനിന്ന് പിടികൂടിയത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *