മലപ്പുറം: സാമൂഹികമാധ്യമങ്ങളിൽ ഈ മലപ്പുറത്തുകാരാണ് ഇപ്പോൾ താരങ്ങൾ. തനി മലപ്പുറം ഭാഷയിൽ നുറുങ്ങുതമാശകൾ ചേർത്തുവെച്ചുള്ള റീലുകൾകൊണ്ട് ആളുകളെ കുടുകുടെ ചിരിപ്പിക്കുന്നവർ. മക്കരപ്പറമ്പ് കുറുവയിലെ വലിയകത്ത് അബ്ദുൽകരീമും (ലാല) മമ്പാട് ചക്കിങ്ങൽത്തൊടിയിലെ നസീറും (ഷിക്കു) ആണ് പ്രേക്ഷകരുടെ ഹൃദയം കവരുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കോൺട്രാക്ട് ജോലിക്കാരനായ അബ്ദുൽകരീമും ജിപ്‌സം തൊഴിലാളിയായ നസീറും തമ്മിൽ അഞ്ചുവർഷം മുൻപാണ് പരിചയപ്പെടുന്നത്. സിനിമാനടൻമാരാകാൻ അതിയായി ആഗ്രഹിക്കുന്നവർ അങ്ങനെ ഒരുമിച്ച് സഞ്ചാരിക്കാൻ തീരുമാനിച്ചു.
ചെറുപ്പംമുതൽ വിവിധ ഓഡിഷനുകളിൽ പങ്കെടുത്തുണ്ടായ ദുരനുഭവവും നസീറിനുണ്ടായിരുന്നു. ചെറിയരീതിയിൽ യൂട്യൂബിൽ റീൽസ് ചെയ്‌തുതുടങ്ങിയതോടെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി.
നാലുമാസംമുൻപ് ഇൻസ്റ്റഗ്രാമിൽ കൊമ്പൻകാട് കോയയും കുഞ്ഞാപ്പുവുമായി വന്നതോടെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ഇൻസ്റ്റയിൽ അഞ്ചുലക്ഷത്തോളം വരിക്കാരുണ്ട് ഇവരുടെ ലാല മലപ്പുറം എന്ന അക്കൗണ്ടിന്. ഇതിലെ ചില വീഡിയോസിന് ദശലക്ഷക്കണക്കിനു കാഴ്‌ചക്കാരും. മിമിക്രി, ഡാൻസ്, പാട്ട് തുടങ്ങിയ മേഖലകളിലും ഇരുവരും പ്രതിഭ തെളിയിച്ചിട്ടുണ്ട്. രണ്ടുപേരെയും വീഡിയോചിത്രീകരണത്തിലും സംയോജനത്തിലും സഹായിക്കുന്നത് സുഹൃത്തുക്കളായ ഷബീർ മക്കരപ്പറമ്പ്, എബിൻ തോമസ്, സൈനു കുരുവമ്പലം തുടങ്ങിയവരാണ്. ആളുകൾ തിരിച്ചറിയുന്നു എന്നതിന്റെയും ആരാധിച്ചിരുന്ന താരങ്ങളുടെ കൂടെ വേദി പങ്കിടാനാകുന്നതിന്റെയും സന്തോഷവും ഇരുവരും പങ്കുവെച്ചു.
ആകാംക്ഷയ്ക്ക് വിരാമം; സൈന ഉടൻ വരും.
ലാല മലപ്പുറത്തിൻ്റെ വീഡിയോസിൽ കൊമ്പൻകാട് കോയയുടെ ഭാര്യയാണ് സൈന. ഇതുവരെയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത കഥാപാത്രമാണിത്. അബ്‌ദുൽകരീമിനും നസീറിനും വരുന്ന സന്ദേശങ്ങളിൽ മിക്കതും സൈനയെ തിരക്കിയാണ്. അതുകൊണ്ടുതന്നെ സൈനയെന്ന കഥാപാത്രം ഉടൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുമെന്ന് ഇരുവരും പറഞ്ഞു.