പനി വ്യാപനത്തിൽ വർദ്ധനവ്; സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് മാസ്‌ക്  പ്രോത്സാഹിപ്പിക്കണം; കൈകഴുകാനുള്ള സോപ്പ് നിർബന്ധമായും ലഭ്യമാക്കണം; നിർദേശങ്ങളുമായി കളക്ടർ

മലപ്പുറം പകർച്ചപ്പനി സാദ്ധ്യത നിലനില്‍ക്കുന്ന ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ സ്‌കൂള്‍ വിദ്യാർത്ഥികള്‍ മാസ്‌ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സ്‌കൂളുകള്‍ക്ക് നിർദ്ദേശം നല്‍കും. സ്റ്റോപ്പ് ഡയേറിയ കാമ്പെയിനിന്റെ ഭാഗമായി കളക്ടറേറ്റില്‍ ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം.

പകർച്ചപ്പനി പടരുന്നത് തടയാൻ ഫലപ്രദമായ മാർഗ്ഗമെന്ന നിലയ്ക്കാണ് മാസ്‌ക് ഉപയോഗിക്കുക. വിദ്യാലയങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സോപ്പ് നിർബന്ധമായും ലഭ്യമാക്കണമെന്നും കളക്ടർ നിർദേശിച്ചു. കൈകഴുകുന്ന ശീലം ഉള്‍പ്പെടെ വ്യക്തിശുചിത്വം പാലിക്കാത്തത് വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആഘോഷച്ചടങ്ങുകളില്‍ നിന്ന് വെല്‍കം ഡ്രിങ്ക് പൂർണമായും ഒഴിവാക്കണമെന്ന് കളക്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടരുന്നതിന് വെല്‍കം ഡ്രിങ്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ പഠനങ്ങളില്‍ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. തിളപ്പിക്കാത്ത വെള്ളവും ഭക്ഷ്യയോഗ്യമല്ലാത്ത ഐസും ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. പകർച്ച വ്യാധികള്‍ പടരുന്നതിന് ആഘോഷവേളകള്‍ കാരണമാകരുതെന്ന് കളക്ടർ.

മലപ്പുറം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഊർജ്ജിതമാക്കുന്നതിന് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ജില്ലാ ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗം തീരുമാനിച്ചു. സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ നല്‍കുമ്ബോള്‍ പ്രതിരോധ കുത്തിവെയ്പ്പിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന വിധത്തില്‍ അപേക്ഷാഫോറത്തില്‍ കോളം ഉള്‍പ്പെടുത്തും. വാക്സിനേഷൻ എടുക്കാത്ത കുട്ടികളെ എളുപ്പത്തില്‍ കണ്ടെത്താൻ ഇത് സഹായകമാവുമെന്നും അപേക്ഷാഫോറം അതനുസരിച്ച്‌ പരിഷ്‌കരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകും.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *