മലപ്പുറം :പണയം വച്ച സ്വർണം എടുത്തു വിൽക്കാൻ സഹായിക്കുന്ന ആളെ കബളിപ്പിച്ച് 190 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ മങ്കട സ്വദേശി അറസ്‌റ്റിൽ. കൂട്ടിൽ വലിയതൊടി നുസൈലിനെ (34) ആണു മങ്കട സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ്.കരൺമയിലിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് പറയുന്നത്: പാണ്ടിക്കാട് സ്വദേശി കസവുകുന്നിൽ പ്രദീപ് എന്ന ആളെ സമീപിച്ച പ്രതി പണയം വച്ച സ്വർണം എടുക്കാൻ വിൽക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. തുടർന്ന് മങ്കട വള്ളുവനാട് ഈസി മണി സ്ഥാപനത്തിൽ നുസൈലിന്റെ പേരിൽ പണയംവച്ചിരുന്ന സ്വർണം പ്രദീപ് പണമടച്ച് എടുത്തു.
സ്ഥാനപത്തിൽനിന്ന് ആഭരണവുമായി കോണിപ്പടി ഇറങ്ങുന്നതിനിടെ നുസൈൽ സ്വർണാഭരണം പിടിച്ചുവാങ്ങി കടന്നുകളയുകയായിരുന്നു. 2023 ഒക്ടോബർ 28നു നടന്ന സംഭവത്തിൽ പ്രദീപിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.