കടബാധ്യത തീര്‍ക്കാന്‍ എ.ടി.എം. തകർക്കാൻ ശ്രമിച്ച ഒതുക്കുങ്ങൽ സ്വദേശി പിടിയിൽ

 

42 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ എ.ടി.എം. യന്ത്രം കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാര്‍ ശ്രമിച്ച ഒതുക്കുങ്ങൽ, മറ്റത്തൂർ സ്വദേശി യുവ എന്‍ജിനീയറെ പോലീസ് കൈയോടെ പിടികൂടി. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയായ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വീട്ടില്‍ വിജേഷാണ് (37) സിറ്റി കണ്‍ട്രോള്‍ റൂം പോലീസിന്റെ പിടിയിലായത്.

 

വ്യാഴാഴ്ച പുലര്‍ച്ചെ 2.20-ഓടെ കോഴിക്കോട്ടുനിന്ന് 15 കിലോമീറ്റര്‍ അകലെ പറമ്പില്‍ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ്സംഘം, ഷട്ടര്‍ താഴ്ത്തിയിട്ട എ.ടി.എം. റൂമില്‍ വെളിച്ചവും അസ്വാഭാവികശബ്ദവും കേട്ടതാണ് പ്രതി കൈയോടെ പിടിയിലാകാന്‍ ഇടയാക്കിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍, കമ്പിപ്പാര, ചുറ്റിക, പണം ഉള്‍പ്പെട്ട ലോക്കറിലെ ബോക്‌സ് തിരികെ കൊണ്ടുപോകുന്നതിനുള്ള ബാഗ് എന്നിവയുമായാണ് വിജേഷ് എ.ടി.എമ്മിലെത്തിയത്.

 

സി.സി.ടി.വി.ദൃശ്യങ്ങളില്‍ മുഖം വരാതിരിക്കാന്‍ മഫ്‌ളര്‍ ഉപയോഗിച്ച് തലയും മുഖവും മറച്ചാണ് എ.ടി.എമ്മിലേക്ക് എത്തിയത്. ഈ മുറിയുടെ തൊട്ടടുത്തുള്ള രണ്ട് കടകളിലെ ക്യാമറകള്‍, പുറകിലൂടെയെത്തി മുകളിലേക്ക് തിരിച്ചുവെച്ചാണ് എ.ടി.എമ്മിലെത്തിയത്. എ.ടി.എമ്മിനുള്ളിലെ ക്യാമറകളില്‍ പശിമയുള്ള ദ്രാവകം സ്‌പ്രേചെയ്തു.

 

കടം വീട്ടാന്‍ കവര്‍ച്ച ആസൂത്രണംചെയ്ത വിജേഷ് ഒന്നരമാസമായി വീടുവിട്ട് കോഴിക്കോട്ടെ വിവിധ ഡോര്‍മിറ്ററികളിലാണ് താമസം. സ്വന്തം കാറിലെത്തി എ.ടി.എമ്മിന്റെ ഒരുകിലോമീറ്റര്‍ അകലെ കാര്‍ പാര്‍ക്ക്‌ചെയ്ത് നടന്നാണ് എ.ടി.എം റൂമിലേക്കെത്തിയത്.

 

പണമുണ്ടാക്കാന്‍ പല വഴികളും നോക്കി അവയെല്ലാം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് എ.ടി.എം. കവര്‍ച്ചയിലെത്തിയത്. ഏത് എ.ടി.എം. എന്നുറപ്പിക്കാന്‍ കോഴിക്കോടിന്റെ തിരക്കൊഴിഞ്ഞ പ്രദേശങ്ങളിലൂടെ ധാരാളം യാത്ര നടത്തി. എങ്ങനെ എ.ടി.എം തകര്‍ക്കാമെന്നത് മനസ്സിലാക്കാന്‍ യുട്യൂബ് വീഡിയോകളെ ആശ്രയിച്ചു. ഇതിനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈനിലൂടെ വരുത്തി. ഡമ്മി ലോക്കറിന്റെ തകിട് മുറിച്ച് പരിശീലിക്കുകയും ചെയ്തു.

 

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *