കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ബെംഗളൂരു: ബെംഗളൂരുവിൽ ഹോട്ടലുകളുടെയും ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി. പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ കർണാടക സർക്കാർ അനുമതി നൽകി. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാം.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം നൈറ്റ് ലൈഫ് സമയം ദീർഘിപ്പിക്കാൻ നഗര വികസന വകുപ്പ് അനുമതി നൽകിയിരുന്നു. നേരത്തെ തന്നെ പല കടകളും സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ സർക്കാർ തന്നെ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.
ബാറുകൾ രാവിലെ 10 മുതൽ പുലർച്ചെ ഒരു മണി വരെ പ്രവർത്തിപ്പിക്കാം. ക്ലബ്ബുകൾ (CL4 ലൈസൻസ്), സ്റ്റാർ ഹോട്ടലുകൾ (CL6 ലൈസൻസ്), ഹോട്ടലുകൾ ( CL7, CL7D ലൈസൻസ്) എന്നിവയ്ക്ക് രാവിലെ 9 മുതൽ പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. CL9 ലൈസൻസുള്ള റിഫ്രഷ്‌മെന്‍റ് റൂമുകൾക്ക് (ബാറുകൾ) ഓർഡർ അനുസരിച്ച് രാവിലെ 10 മുതൽ ഒരു മണി വരെ ബിസിനസ്സ് നടത്താം.
രാത്രികാല വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, മാർക്കറ്റുകൾ എന്നിവ രാത്രി വൈകിയും തുറന്ന് പ്രവർത്തിക്കാൻ 2016ൽ അനുവദിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് രാത്രി 11 മണിയോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശിച്ചു. സർക്കാരിന്‍റെ കഴിഞ്ഞ ബജറ്റിൽ ബെംഗളൂരുവിലെ നൈറ്റ് ലൈഫ് സമയം നീട്ടുന്ന കാര്യം പരാമർശിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം ബിബിഎംപി പരിധിയിൽ ഹോട്ടലുകൾ, ക്ലബ്ബുകൾ, ബാറുകൾ തുടങ്ങിയവയ്ക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാം.