4Gയില്‍ കത്തിക്കയറാന്‍ ബിഎസ്എന്‍എല്‍, ഇതിനകം 15,000 ടവറുകള്‍ പൂര്‍ത്തിയായി, ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം

 

 

ദില്ലി: ബിഎസ്എന്‍എല്‍ 4ജി കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്ത് ഇതിനകം 15,000ത്തിലധികം 4ജി ടവറുകള്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം അറിയിച്ചു. മറ്റ് ടവറുകളും 4ജിയിലേക്ക് പുതുക്കുന്ന നടപടിയുമായി ബിഎസ്എന്‍എല്‍ മുന്നോട്ടുപോവുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ 80,000 ടവറുകള്‍ 4ജിലേക്ക് മാറ്റാനാണ് ബിഎസ്എന്‍എല്‍ നീക്കം. 2025 മാര്‍ച്ചോടെ 21,000 ടവറുകള്‍ കൂടി 4ജിയാവും. ഇതോടെ ഒരുലക്ഷം ബിഎസ്എന്‍എല്‍ ടവറുകള്‍ രാജ്യമെമ്പാടും 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കും

4ജിയിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിനൊപ്പം തന്നെ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാനും ബിഎസ്എന്‍എല്‍ പദ്ധതിയിടുകയാണ്. 5ജി സിം പുറത്തിറക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക. ദില്ലിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു ക്യാംപസ്, ഐഐടി ദില്ലി, ഐഐടി ഹൈദരാബാദ്, ദില്ലിയിലെ സഞ്ചാര്‍ ഭവന്‍, ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍, ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസ്, ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ബിഎസ്എന്‍എല്ലിന്‍റെ അതിവേഗ 5ജി നെറ്റ്‌വര്‍ക്ക് എത്തുക എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ബിഎസ്എന്‍എല്‍ 5ജിയില്‍ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വീഡിയോ കോള്‍ വിളിച്ചിരുന്നു. 4ജിക്കൊപ്പം 5ജിയും എത്തുന്നത് ബിഎസ്എന്‍എല്ലിലേക്ക് വരുന്ന ഉപഭോക്താക്കളെ സന്തോഷിപ്പിക്കും. സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ലക്ഷക്കണക്കിന് പേരാണ് പുതിയ സിം എടുത്തും പോര്‍ട്ടബിള്‍ സൗകര്യം വിനിയോഗിച്ചും എത്തുന്നത്. ബിഎസ്എന്‍എല്‍ താരിഫ് നിരക്കുകള്‍ ഇപ്പോഴും പഴയ നിരക്കില്‍ തന്നെ തുടരുകയാണ്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ഇതിനകം 4ജി കണക്റ്റിവിറ്റി രാജ്യത്തുണ്ട്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *