പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു

ജോലാർപേട്ട് സ്റ്റേഷനിൽ നിന്നു ട്രെയ്‌നിൽ കയറിയ പ്രതി യുവതി തനിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇവർ ടൊയ്‌ലെറ്റിൽ പോയപ്പോൾ പിന്തുടർന്നെത്തിയാണു പ്രതി ആക്രമിച്ചത്

ചെന്നൈ: വെല്ലൂരിൽ പീഡന ശ്രമത്തിനിടെ യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്‍റെ പ്രവർത്തനം നിലച്ചതായി ഡോക്‌ടർമാർ‌ അറിയിച്ചു. നാലു മാസം ഗർഭിണിയായ യുവതിയെ വ്യാഴാഴ്ച രാത്രിയാണ് യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ടത്. തുടർന്ന് ചികിത്സയിൽ കഴിയവെയാണ് 36 കാരിയുടെ കുഞ്ഞ് മരിച്ചത്.

ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ് അക്രമത്തിനിരയായ യുവതി. തയ്യൽത്തൊഴിലാളിയായ ഭർത്താവിനും മകനുമൊപ്പം ഏറെക്കാലമായി തിരുപ്പുരിലാണ് ഇവർ താമസിക്കുന്നത്. ഇളയകുട്ടിയെ ഗർഭം ധരിച്ചതോടെ ചിറ്റൂരിലുള്ള അമ്മയുടെ വീട്ടിലേക്കു പോകുകയായിരുന്നു യുവതി.

ജോലാർപേട്ട് സ്റ്റേഷനിൽ നിന്നു ട്രെയ്‌നിൽ കയറിയ പ്രതി യുവതി തനിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇവർ ടൊയ്‌ലെറ്റിൽ പോയപ്പോൾ പിന്തുടർന്നെത്തിയാണു പ്രതി ആക്രമിച്ചത്. ചെറുത്തപ്പോൾ കെ.വി. കുപ്പത്തിനു സമീപം പാളത്തിലേക്കു തള്ളിയിട്ടു. നിലവിളി കേട്ടെത്തിയ മറ്റു യാത്രക്കാർ റെയ്‌ൽവേ കൺട്രോൾ റൂമിൽ അറിയിച്ച. തുടർന്ന് റെയ്‌ൽവേ പൊലീസെത്തിയാണു യുവതിയെ രക്ഷിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ ചെന്നൈയിൽ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഹേമന്ത് അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്. നേരത്തേ, മോഷണ ശ്രമത്തിനിടെ ഒരു സ്ത്രീയെ ട്രെയ്നിൽ നിന്നു തള്ളിയിട്ടതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ പൊലീസ് രണ്ടു തവണ ഗൂണ്ടാ നിയമം ചുമത്തിയിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *