അക്ഷരങ്ങൾ കൂടുതലുള്ള പേരുകാർക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനാകുന്നില്ല. പേരു വെട്ടിച്ചുരുക്കിയാലേ രക്ഷയുള്ളൂവെന്ന സ്ഥിതിയാണ്. മോട്ടോർവാഹന വകുപ്പിന്റെ സാരഥി, പരിവാഹൻ സൈറ്റുകളിലെ സാങ്കേതികത്തകരാറാണ് പ്രശ്‌നത്തിനു കാരണം.
ഇനീഷ്യൽ പൂർണരൂപത്തിൽ പേരിനൊടൊപ്പമുള്ളവരാണു വലയുന്നത്. ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ പേരുചേർക്കുന്നതിന് 16 കളങ്ങളാണുള്ളത്. 16 അക്ഷരത്തിൽ കൂടിയാൽ അപേക്ഷിക്കാനാകില്ല. പേരു ചുരുക്കാനാണ് അധികൃതരുടെ ഉപദേശം.
എന്നാൽ, ആധികാരികരേഖ എന്ന നിലയിൽ ഡ്രൈവിങ് ലൈസൻസിലെ പേരു ചുരുക്കാൻ അപേക്ഷകർ തയ്യാറാകുന്നുമില്ല.
പ്രശ്‌നം മോട്ടോർവാഹന വകുപ്പ് അധികൃതർക്ക് അറിയാമെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കേ പ്രശ്നം പരിഹരിക്കാനാകൂ. അവരെ വിവരം അറിയിച്ചിട്ടുണ്ട്.
16 അക്ഷരത്തിൽ കൂടുതലുള്ള പേരുകാർ ഒട്ടേറെപ്പേരുണ്ട്. വീട്ടുപേരും രക്ഷിതാവിന്റെ പേരുമെല്ലാം ചേർത്ത് ഒറ്റപ്പേരായി ആധാറിലും മറ്റുമുള്ളവരുമുണ്ട്. അവരുടെ പഠന സർട്ടിഫിക്കറ്റിലും ഔദ്യോഗിക രേഖകളിലുമടക്കം ആ പേരാണുള്ളത്. അങ്ങനെയുള്ളവരാണ് കുടുങ്ങുന്നത്.