കോഴിക്കോട് : ജല സാഹസിക കായിക മത്സരങ്ങളും ആകാശ വിസ്മയങ്ങളും പ്രദർശനങ്ങളും സംഗീത പരിപാടികളും കൊണ്ട് നാടിനെ ഉത്സവ ലഹരിയിലാഴ്ത്തി ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാല് ഒന്നാം ദിവസം. മത്സരങ്ങൾ കാണാനും പ്രോത്സാഹിപ്പിക്കാനും കൗതുക കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാനും ഫുഡ് ഫെസ്റ്റിലെ വൈവിധ്യമാർന്ന രുചിക്കൂട്ടങ്ങൾ പരീക്ഷിക്കാനും സംഗീതം ആസ്വദിക്കാനുമായി ആയിരങ്ങളാണ് ആദ്യദിവസം ഫെസ്റ്റിന് ആതിഥ്യം വഹിക്കുന്ന ബേപ്പൂരിലേക്കും ചാലിയത്തേക്കും ഒഴുകിയെത്തിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വ്യോമസേനയുടെ ഉദ്വേഗം നിറച്ച എയർ ഷോയും പാരമോട്ടറിങ്ങും കൈറ്റ് ഫെസ്റ്റിവലും ഡ്രോൺ ഷോയും ആകാശത്ത് വിസ്മയം തീർത്തപ്പോൾ ഡിങ്കി ബോട്ട് റേസും സെയിലിംഗും കയാക്കിങ്ങും ഫ്ലൈ ബോർഡ് ഡെമോയും കടലിലെ മത്സരാവേശം കരയിൽ കരഘോഷമായി. തുറമുത്തെ നങ്കൂരമിട്ട ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലിലെ കാഴ്ചകൾ കാണാൻ രാവിലെ ഒമ്പത് മണി മുതൽ ആളുകൾ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരി ജോത്സന രാധാകൃഷ്ണൻ നയിച്ച ബാൻഡ് അടിപൊളി പാട്ടുകൾ കൊണ്ട് ചാലിയം ബീച്ചിനെ ഇളക്കിമറിച്ചു. ഏഴ് മണിക്ക് ആരംഭിച്ച ജോത്സനയുടെ പാട്ട് കേൾക്കാൻ നാലുമണിയോടെ തന്നെ ജങ്കാർ വഴിയും മറ്റും സംഗീത പ്രേമികൾ ഓഷ്യാനസ് ചാലിയത്തെത്തി ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. നിറഞ്ഞ ആവേശത്തോടെയും കൈയ്യടികളോടെയും പാട്ടുകൾ ഏറ്റുപാടിയുമാണ് ബേപ്പൂർ ബീച്ചിൽ സംഗീതാസ്വാദകർ കെ എസ് ഹരികൃഷ്ണൻ ആൻഡ് ടീമിനെ വരവേറ്റത്. ഒരാഴ്ച മുന്നെ ആരംഭിച്ച ഫുഡ് ഫെസ്റ്റിൽ തുടക്ക ദിവസം മുതൽ തന്നെ നല്ല തിരക്കായിരുന്നു.
ഫെസ്റ്റ് നാളെ സമാപിക്കും
സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
സിനിമാതാരങ്ങളായ ബേസിൽ ജോസഫും സൗബിൻ ഷാഹിറും പങ്കെടുക്കും
ബേപ്പൂർ അന്താരാഷ്ട്ര വോട്ടർഫെസ്റ്റ് സീസൺ നാലിന്റെ സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും. ഫിഷിംഗ് ഹാർബർ ജംഗ്ഷനിൽ നിന്ന് തുടങ്ങി പ്രധാന വേദിവരെ നീളുന്ന സമാപന ഘോഷയാത്ര അഞ്ചുമണിക്ക് ആരംഭിക്കും.
പ്രധാന വേദിയായ മറീന ബീച്ചിൽ വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയാകും. എം കെ രാഘവൻ എം പി, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കെ എസ് സച്ചിൻദേവ് എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. പി ഗവാസ് തുടങ്ങിയവർ പങ്കെടുക്കും. സിനിമാ താരങ്ങളായ ബേസിൽ ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും.